ഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31 വരെ നീട്ടി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു വിലക്ക്. എന്നാല്‍ ഒരു മാസം കൂടി നീട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വന്ദേഭാരത് മിഷന്‍ വഴിയും എയര്‍ ബബിള്‍ കരാര്‍ മുഖേനെയുമുള്ള സര്‍വീസുകള്‍ തുടരും.രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു. യുഎസ്, യുകെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് അടക്കമുള്ള 18 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ സ്ഥാപിച്ചിരുന്നു. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്ക് പ്രത്യേക സര്‍വീസ് നടത്താം. പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.
അതേസമയം, എയര്‍ ഇന്ത്യ ബെംഗളൂരുവില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ ആഴ്ചയില്‍ രണ്ടു തവണയായിരിക്കും സര്‍വ്വീസ് നടത്തുക. ബെംഗളൂരുവിനും അമേരിക്കയ്ക്കും ഇടയിലുള്ള ആദ്യത്തെ നോണ്‍ സ്റ്റോപ്പ് വിമാനമാണിത്.
ലോക്ക്ഡൗണും തുടര്‍ന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനങ്ങള്‍ക്കുമിടയില്‍ ഈ തീരുമാനം സുപ്രധാന വഴിത്തിരിവാണ്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ കവാടമായി ബെംഗളൂരു വിമാനത്താവളം മാറും. അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിലെ നഗരങ്ങളിലെ യാത്രക്കാരെ ഇത് വളരെയധികം സഹായിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.











