യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു.
അബൂദാബി : വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് സിറ്റി 3 ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരേയും തിരിച്ചറിഞ്ഞുവെന്നും ഇവരുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു,
മരിച്ചവരുടെ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചതായും മൃതദേഹം മറ്റു നടപടികള്‍ക്കു ശേഷം നാട്ടിലെത്തിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
യുഎഇ അധികൃതരും ഇവര്‍ ജോലി ചെയ്തിരുന്ന അഡ്‌നോക് കമ്പനി മേലധികാരികളും ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് അനന്തര നടപടികള്‍ സ്വീകരിച്ചു.
അതേസമയം, മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ ആറു പേരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാരമല്ലാത്ത പരിക്കായതിനാല്‍ ചികിത്സകള്‍ക്കു ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തതായും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
അപകടം നടന്ന ഉടനെ വേണ്ട നടപടികള്‍ സ്വീകരിച്ചതിന് യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നതായി എംബസി ട്വിറ്ററില്‍ കുറിച്ചു.
അബുദാബിയിലെ വ്യവസായ മേഖലയായ മുസഫയിലെ അഡ്‌നോക് പെട്രോളിയം സംഭരണശാലയിലെ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. വിമാനത്താവളത്തിലെ പുതിയ നിര്‍മാണം നടക്കുന്ന ഇടത്തും ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായി. മരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരായിരുന്നു.