Web Desk
വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ടിക്കറ്റെടുക്കാന്‍ പോലും കഴിവില്ലാത്തവരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചിലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. ഫ്‌ളൈറ്റിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടുക ഗള്‍ഫില്‍ അപ്രായോഗികവുമാണ്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ആയതു കൊണ്ടു മാത്രം ഇവര്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. മറ്റു ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടു വരുന്നത് പോലെ അവിടെ പ്രാഥമിക പിരശോധന നടത്തി ഇവരെയും കൊണ്ടു വരണം. എന്നിട്ട് ഇവിടെ ആവശ്യമായ പരിശോധനകളും നടത്തുകയും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടികള്‍ക്ക് വിധായരാക്കുകയും വേണം.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിട്ടുണ്ട എന്ന കാര്യം സര്‍ക്കാര്‍ മറന്നു പോകരുത്. അന്ന് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇറ്റലിയില്‍ നിന്നും റപ്പബ്‌ളിക്ക് ഓഫ് കൊറിയിയില്‍ നിന്നും മലയാളികളെ മടക്കിക്കൊണ്ടു വരന്നതിന് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് ഉത്തരവ്പുറപ്പെടുവിച്ചതിനെതിരെയായിരുന്നു ആ പ്രമേയം. അന്ന് അതിനെതിരെ നിലപാടെടുത്തവര്‍ തന്നെ ഇപ്പോള്‍ അതേ നിബന്ധന ഏര്‍പ്പെടുത്തുന്നത് വിചിത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.