വാഷിംഗ്ടണ്‍: അയോധ്യയില്‍ നാളെ ഭൂമി പൂജ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അമേരിക്കന്‍ ക്ഷേത്രങ്ങളും. ഭൂമിപൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ക്ഷേത്രങ്ങളിലും നാളെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭൂമി പൂജയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തും.
അതോടൊപ്പം തന്നെ ചൊവ്വാഴ്ച യുഎസ് ക്യാപ്റ്റന്‍ ഹില്ലിനു ചുറ്റും രാമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുളള എല്‍ഇഡി ട്രക്ക് കടന്നുപോകുമെന്ന് ഹിന്ദു സമുദായ വക്താക്കള്‍ അറിയിച്ചു. കൂടാതെ ആയോധ്യയില്‍ ഭൂമി പൂജ നടക്കുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിച്ചു കൊണ്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കും. ഇതിനുപുറമെ വെര്‍ച്വല്‍ പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. ന്യൂയോര്‍ക്കിലും സമാനമായ ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് കണക്കില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ട സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ നാളെ ഭൂമി പൂജ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.