ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നൂ പേര്‍ ബെംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ പൂനൈയില്‍ നിന്നുമുളളതാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യും. കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
അതേസമയം ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷം ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചു. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.











