കൊച്ചി: സലീംകുമാറിനെ പങ്കെടുപ്പിക്കാത്ത ഐഫ്എഫ്‌കെ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
ഐഎഫ്എഫ്‌കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന്‍ സലീംകുമാര്‍ അറിയിച്ചിട്ടുണ്ട്. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്‌കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലീംകുമാര്‍ ആരോപിച്ചു.
ചടങ്ങില്‍ ക്ഷണിക്കാത്തതിന് പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഐഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലീം കുമാര്‍ പറഞ്ഞു.
ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലീംകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാരജേതാക്കളുടെ ഒപ്പം സലീംകുമാറുണ്ടായിരുന്നില്ല.












