മലപ്പുറം: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീംലീഗ് നേതൃത്വം. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണന്നും നാണം കെട്ട നടപടിയാണിതെന്നും മുസ്ലീംലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന വിവരം മുന്‍കൂട്ടി ലഭിച്ചിരുന്നുവെന്നും മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റുകള്‍ നടക്കുന്നത്. വിജിലന്‍സിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കുഞ്ഞാലിക്കട്ടി പറഞ്ഞു.
സര്‍ക്കാരിനെതിരായ വിവാദങ്ങളും പ്രശ്‌നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണിത്. അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി തിരുവനന്തപുരത്ത് രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നിരിക്കുന്നതെന്നും ഇടതു മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.