ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് മുന്നേറ്റം. പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബി.ജെ.പി പിന്നിലായി. ടിആര്‍എസ് 66, ബിജെപി 34, എഐഎംഐഎം 37, കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് സീറ്റ് നില. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.
150 ഡിവിഷനുകളിലായി 1,122 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കും, അസദുദ്ദിന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് വിധി നിര്‍ണായകമാണ്.
നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാണ് വോട്ടിങ്ങിനായി ഉപയോഗിച്ചത്.