ഭർത്താവ് കോവിഡ് ഡ്യൂട്ടിയിൽ തുടരുന്നതിനാൽ ഭാര്യക്ക് ബാങ്കിലെ ജോലി നഷ്‌ടപ്പെട്ടു. ലോക മഹാമാരിക്കെതിരെ മനുഷ്യർ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഘട്ടത്തിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത.
എരുമേലി കാവുമ്പാടം സ്വദേശി വിപിൻദാസ് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളത്. ഇക്കാരണം ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജിയെ ഫെഡറൽ ബാങ്ക് എറണാകുളം മറൈൻ ഡ്രൈവ് ശാഖയിലെ താൽക്കാലിക ജോലിയിൽ നിന്നും പുറത്താക്കിയത്. ഭർത്താവിന് കൊവിഡ് ഡ്യൂട്ടി ആയതിനാൽ നാളുകളായി ബാങ്കിലെ ജോലിയിൽ നിന്ന് രാജിയെ മാറ്റിനിർത്തിയ ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. സാധാരണ കുടുംബമാണ് വിപിന്റേത്. ഇരുവരുടെയും ജോലി ആണ് കുടുംബത്തിന്റെ ഏക ഉപജീവന മാർഗം .
കോവിഡ് രോഗബാധിതരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സ്രവം പരിശോധനക്ക് അയക്കുന്ന ഡ്യൂട്ടിയാണ് 11 വർഷമായി ആരോഗ്യവകുപ്പിൽ മൈക്രോബയോളജിസ്റ്റ് ആയ വിപിന്റേത്. നിപ്പ വൈറസ് പടർന്നപ്പോഴും ഇതേ ഡ്യൂട്ടിയിൽ വിപിൻദാസ് ഉണ്ടായിരുന്നു.
ഗ്ലൗസും മാസ്കും മാത്രമല്ല പ്രത്യേകമായി തയ്യാറാക്കിയ കിറ്റും ഗ്ലാസും ധരിച്ചാണ് തുടർച്ചയായി നാല് മണിക്കൂർ ഇദ്ദേഹം ഡ്യൂട്ടി ചെയ്യുന്നത് .
ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് വിപിൻദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.