തൊടുപുഴ: ലഭിക്കുന്ന വിവരത്തിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ട് മാത്രമേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ വീട്ടിലും പരിസരത്തും പോലീസ് പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ പാടുള്ളുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വിവാഹ നിശ്ചയം പോലുള്ള മംഗള കര്‍മ്മങ്ങള്‍ കഴിഞ്ഞിരിക്കുന്ന വീട്ടില്‍ ഇത്തരം രഹസ്യ വിവരങ്ങള്‍ വൈരാഗ്യം തീര്‍ക്കാനുള്ള ഉപാധിയായി പലരും ഉപയോഗിക്കാറുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ വിശ്വാസ്യത മനസിലാക്കി വേണം പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
ഭാവിയില്‍ ഇത്തരം പരാതികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സേനാപതി സ്വദേശി സിജി പി. ആര്‍. സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2020 ഏപ്രില്‍ 23 ന് ഉടുമ്പന്‍ചോല എസ് ഐയും സംഘവും തന്റെ വീട്ടിലെത്തി മദ്യം കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതായാണ് പരാതി. പോലീസുകാരുടെ പ്രവര്‍ത്തി കാരണം താന്‍ മദ്യവില്‍പ്പനക്കാരനായെന്നും തന്റെ മകളുടെ നിശ്ചയിച്ച വിവാഹം മാറിപ്പോയെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ മൂന്നാര്‍ ഡി വൈ എസ്പിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്‍ മദ്യം വില്‍ക്കുന്നുവെന്നും കള്ളതോക്ക് കൈവശം വച്ചെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്റെ വീട്ടുപരിസരത്ത് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു എയര്‍ഗണ്‍ മാത്രമാണ് കിട്ടിയത്. പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കില്‍ വളരെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.











