തിരുവനന്തപുരം: മുഴുവന്‍ സമയപരിചരണം ആവശ്യമുള്ള രോഗികളുടെ സഹായികള്‍ക്ക് മാസം 600 രൂപ വീതം സഹായം നല്‍കുന്ന ആശ്വാസകിരണം പദ്ധതി കുടിശികയില്ലാതെ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പദ്ധതിക്ക് കീഴില്‍ കൂടുതല്‍ വിഭാഗങ്ങളെ കൊണ്ടുവരുമ്പോള്‍ അതിനാവശ്യമായ ഫണ്ട് കൂടി വകയിരുത്തണമെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പദ്ധതിയില്‍ നിന്നും 17 മാസമായി ധന സഹായം കിട്ടാറില്ലെന്നും 1,,13,713 പേര്‍ ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ശയ്യാവലംബര്‍ക്ക് പുറമേ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബറല്‍ പാള്‍സി, മാനസിക വൈകല്യം, മാനസിക രോഗങ്ങള്‍, കാന്‍സര്‍, പ്രായാധിക്യം എന്നിവ അനുഭവിക്കുന്നവരുടെ സഹായികളെ കൂടി പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമായ 40 കോടി അനുവദിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ മുതല്‍ 2019 ഏപ്രില്‍ വരെ കുടിശികയായ 36,92,89,309 രൂപ അനുവദിച്ചിട്ടിണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള ധനസഹായം അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിടപ്പുരോഗികളുടെ പരിചാരകര്‍ക്ക് തൊഴിലിന് പോകാന്‍ കഴിയാറില്ലെന്ന് ഉത്തരവില്‍ പറയുന്നു. കുടുംബത്തിലെ ഒരാളായിരിക്കും ഈ ചുമതല ഏറ്റെടുക്കുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ആശ്വാസം പകരാനുള്ള പദ്ധതിക്ക് കുടിശിക വരുത്തരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

















