കെ.അരവിന്ദ്
മിതമായ വരുമാനമേയുള്ളൂവെങ്കിലും ‘കാഷ് റിച്ച്’ എന്ന് വിളിക്കാവുന്ന പലരെയും കണ്ടിട്ടുണ്ട്. അതേസമയം താരതമ്യേന മികച്ച വരു മാനമുണ്ടായിട്ടും അമിതമായ കടബാധ്യത തലയിലേറി സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരെയും കണ്ടിട്ടുണ്ട്. കടമുണ്ടായിരിക്കുക എന്നത് മോശം കാര്യമല്ല. എന്നാല്‍ ചെലവു ശീലങ്ങള്‍ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ സാമ്പത്തിക ദുരന്ത ത്തിലേക്കുള്ള ‘വണ്‍ വേ ടിക്കറ്റ്’ എടുക്കലാകും അത്. കടബാധ്യത കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലേക്ക് നമ്മെ നയിക്കലാകും.
ഗുരുതരമായ കടബാധ്യതയെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍ അകപ്പെട്ടിരിക്കുന്ന സ്ഥിതിവിശേഷം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ആദ്യം തിരിച്ചറിയണം. പ്രശ്നത്തിന്റെ ഗൗരവം സ്വയം മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതില്‍ നിന്നും നമുക്ക് ഒരിക്കലും പുറത്തുകടക്കാനാകില്ല. പ്രശ്നത്തെയും അതിന്റെ കാരണങ്ങളെയും കുറിച്ച് സ്വയം ബോധ്യമുണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പരിഹരിക്കാനാകൂ. ഉദാഹരണത്തിന് നിങ്ങള്‍ നേരിടുന്ന കടബാധ്യത ചില സാധനങ്ങള്‍ വാങ്ങിയതിലുണ്ടായ അമിത ചെലവ് എല്ലാ മാസത്തെയും വരവു ചെലവുകളെ ബാധിച്ചത് മൂലമാണെങ്കില്‍ അത് സ്വയം ബോധ്യപ്പെടാന്‍ നാം തയാറായിരിക്കണം. ഓരോ സാധനങ്ങള്‍ അപ്പപ്പോള്‍ വാങ്ങാന്‍ തോന്നുന്നത് മൂലമുണ്ടാകുന്ന അമിത ചെലവ് കാലക്രമേണ വലിയ കടബാധ്യതയായി മാറിയതാണോ എന്ന് പരിശോധിക്കാനും തയാറാകണം.
എവിടെയാണ് പണം ചെലവായത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റോ ചെലവ് സംബന്ധിച്ച മറ്റ് സ്റ്റേറ്റ്മെന്റുകളോ എടുത്ത് പരിശോധിക്കുകയാണ് വേണ്ടത്. ഓരോ ചെലവും ആവശ്യമുള്ളതായിരുന്നോ അതോ അപ്പോള്‍ തോന്നിയതിന്റെ അടിസ്ഥാനത്തിലുണ്ടായതാണോ എന്ന് പരിശോധിക്കുക.
നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം എന്തിനെല്ലാം വേണ്ടി ചെലവഴിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കുക എന്നത് പ്രധാനമാണ്. ചെറിയ ചെലവുകളാണെങ്കില്‍ പോലും അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വലിയ ചെലവായി മാറാം. പക്ഷേ നമ്മുടെ ചെലവ് എവിടെയൊക്കെ സംഭവിക്കുന്നുവെന്ന് സത്യസന്ധമായി വിലയിരുത്തുകയാണെങ്കില്‍ അത് വെട്ടിച്ചുരുക്കാന്‍ സാധിക്കും.
ആദ്യം പണം എവിടെയൊക്കെയാണ് പോയതെന്നും എത്ര കടം ആര്‍ക്കൊക്കെ നല്‍കാനുണ്ടെന്നുമുള്ള പട്ടിക തയാറാക്കുക. അത് ചെയ്താല്‍ അടുത്ത ഘട്ടം ഒരു ബജറ്റ് രൂപീകരിക്കുകയാണ്. ബജറ്റുണ്ടാക്കിയാല്‍ അതില്‍ ഉറച്ചുനില്‍ക്കാനുള്ള ഇച്ഛാ ശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു ബജറ്റായിരിക്കണം തയാറാക്കേണ്ടത്. ചെലവുകള്‍ എവിടെയൊക്കെ കുറയ്ക്കാനാകുമെന്ന തിനെ കുറിച്ച് ബജറ്റില്‍ വ്യക്തതയുണ്ടാകണം.
അതുപോലെ കടബാധ്യത കുറച്ചുകൊണ്ടുവരാനായി ഓരോ മാസവും നമുക്ക് മാറ്റി വെക്കാന്‍ സാധിക്കുന്ന പണം എത്രയെന്ന കാര്യത്തിലും വ്യക്തതയുണ്ടാകണം. പുതിയ കടങ്ങളെടുക്കാനുള്ള ത്വര നിയന്ത്രിക്കാനും സാധിക്കണം. എങ്ങനെയാണ് പണം ചെലവഴിക്കേണ്ടത് എന്നതിനെ കുറിച്ച് വ്യക്തത നല്‍കുന്ന ഉപകരണം ആയിരിക്കണം ബജറ്റ്.