കെ.അരവിന്ദ്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണ നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ള സ്വീകാര്യത വര്‍ധിച്ചു വരികയാണ്. അതേസമയം ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്കും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ വില്‍പ്പന നികുതി ബാധ്യത വരുത്തി വെക്കുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി നല്‍കേണ്ടതുണ്ട്. നേട്ടം ഒരു ലക്ഷം രൂപക്ക് താഴെയാണെങ്കില്‍ നികുതി ബാധകമല്ല. ഒരു വര്‍ഷത്തില്‍ താഴെ കൈവശം വെച്ചതിനു ശേഷമാണ് വില്‍പ്പനയെങ്കില്‍ നേട്ടത്തിന്റെ 15 ശതമാനമാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി. നേട്ടം എത്രയായിരുന്നാലും ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്.
മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ലാനുകള്‍ക്ക് നടപ്പു പത്ത് ശതമാനം ലാഭവിഹിത വിതരണ നികുതി ബാധകമാണ്. ഈ നികുതി മ്യൂച്വല്‍ ഫണ്ടുകളാണ് നല്‍കേണ്ടത്. നികുതി നല്‍കുന്നതിന് അനുസരിച്ച് ഫണ്ട് യൂണിറ്റിന്റെ എന്‍എവിയില്‍ ഇടിവുണ്ടാവുകയാണ് ചെയ്യുക.
ഡെറ്റ് ഫണ്ടുകള്‍ മൂന്ന് വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ് അനുസരിച്ച് കണക്കാക്കിയ ഇപ്പോഴത്തെ മൂല്യത്തേക്കാള്‍ കൂടുതലായി ലഭിച്ച തുകയുടെ 20 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിനു മുമ്പാണ് വില്‍ക്കുന്നതെങ്കില്‍ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.
ആസ്തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് ഇക്വിറ്റി ഫണ്ടുകളായി കണക്കാക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചിരിക്കുന്ന ഫണ്ടുകള്‍ക്കു പുറമെ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകളും ഹൈബ്രിഡ് ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകളും ആര്‍ബിട്രേജ് ഫണ്ടുകളും ഇക്വിറ്റി ഫണ്ടുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഡെറ്റ് ഫണ്ടുകളും ഗോള്‍ഡ് ഫണ്ടുകളും ഹൈബ്രിഡ് ഡെറ്റ് ഓറിയന്റഡ് ഫണ്ടുകളും ഇന്റര്‍നാഷണല്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ടുകളുമാണ് ഓഹരി ഇതര ഫണ്ടുകളുടെ ഗണത്തില്‍ പെടുന്നത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) പ്രകാരം വാങ്ങിയ യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ ഓരോ യൂണിറ്റും വാങ്ങിയ തീയതി പരിഗണിച്ചു വേണം നികുതി കണക്കാക്കേണ്ടത്. ആദ്യം വാങ്ങിയ യൂണിറ്റുകള്‍ ആദ്യം വില്‍ക്കുന്നുവെന്ന ക്രമത്തിലായിരിക്കും നികുതി ബാധ്യത കണക്കാക്കുക.
സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ നടത്തുമ്പോഴും ഇത്തരത്തില്‍ നികുതി കണക്കാക്കേണ്ടതുണ്ട്. സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ ഒരു ലിക്വിഡ് ഫണ്ടില്‍ നിന്നും ഇക്വിറ്റി ഫണ്ടിലേക്കാണ് നിക്ഷേപം നടത്തുന്നതെന്ന് കരുതുക. ഓരോ മാസവും ലിക്വിഡ് ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ അതില്‍ നിന്നുള്ള നേട്ടം ലഭിക്കുന്നുണ്ട്. ഈ നേട്ടത്തിന് നികുതി ബാധകമാണ്.
ഓരോ മാസവും നിശ്ചിത തുക പിന്‍വലിക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാനിനും നികുതി ബാധകമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഓരോ മാസവും വില്‍ക്കുന്ന യൂണിറ്റുകളില്‍ നിന്നുള്ള നേട്ടം കണക്കാക്കിയാണ് നികുതിയൊടുക്കേണ്ടത്.
നിക്ഷേപകന്‍ മരണമടയുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ മൂലധന നേട്ട നികുതി ബാധകമല്ല. എന്നാല്‍ ഈ യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ നികുതി ബാധകമാണ്. യഥാര്‍ത്ഥ നിക്ഷേപകന്‍ യൂണിറ്റുകള്‍ വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലായിരിക്കണം നികുതി കണക്കാക്കേണ്ടത്.