ഹൂതികളുടെ ആക്രമണമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരും പങ്കുവെച്ചവരും നിയമ നടപടി നേരിടേണ്ടി വരും
അബുദാബി : യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ കവചം തടയുന്നതെന്ന പേരില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തവരേയും പങ്കുവെച്ചവരേയും അബുദാബി പോലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി.
ഇവര്‍ക്കെതിരെ പുതിയ സൈബര്‍ നിയമ പ്രകാരം നടപടിയുണ്ടാകുമെന്ന് പ്രോസിക്യുഷന്‍ വകുപ്പ് അറിയിച്ചു.
ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും യുഎഇയുടെ സൈനിക സംവിധാനത്തെയും മറ്റ് നിര്‍ണായക പ്രതിരോധ കവചങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകുമെന്ന് യുഎഇ അറ്റോര്‍ണ്‍ി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും രാജ്യത്ത് പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പല ദൃശ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതും ചിലത് വ്യാജവുമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അബുദാബിയ്ക്ക് നേരെ എത്തിയ മിസൈലുകളെ ആകാശ മദ്ധ്യത്തില്‍ വെച്ച് പ്രതിരോധ കവചം നിര്‍വീര്യമാക്കിയത്. നേരത്തെ, അഡ്‌നോക് സംഭരണശാലയ്ക്ക് സമീപം ഡ്രോണ്‍മൂലമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കും.