ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ നിന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരെ പുറത്താക്കി.ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന വെബിനാറിന് ഇടയിലാണ് തമിഴ് ഡോക്ടര്‍മാര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് 37 പേരാണ് വെബിനാറിനായി എത്തിയത്. ഇവരില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു. എന്നാല്‍ വെബിനാറിലെ ഭൂരിഭാഗം സെഷനുകളിലേയും ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു. മൂന്നാം ദിവസം ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ ഹിന്ദിയില്‍ പ്രഭാഷണം തുടങ്ങി. മനസിലാവാതെ വന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്നും ഹിന്ദിയില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് നിങ്ങള്‍ പുറത്ത് പൊയ്‌ക്കോളൂവെന്നും രാജേഷ് കോട്ടേച്ചാ അറിയിക്കുകയായിരുന്നു.