കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോഹ്ലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനുമെതിരെ കേരള ഹൈക്കോടതിയുടെ നോട്ടീസ്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണ തേടിയിട്ടുണ്ട്.
തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് റമ്മി കളിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈണ്‍ ആയുളള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നതിനാല്‍ അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഓണ്‍ലൈന്‍ റമ്മി നടത്തുന്ന സ്ഥാപനങ്ങളെയും സര്‍ക്കാരിനെയും ഐ.ടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റിയെയും കക്ഷികളാക്കിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള റമ്മി കളികള്‍ സംഘടിപ്പിക്കുന്ന പ്ലേ ഗെയിം 24*7, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നീ സ്ഥാപനങ്ങളെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
കേരളാ ഗെയിമിങ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഓണ്‍ലൈനിലും മറ്റും ഇതിനു നിയന്ത്രണമില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതിനെതിരെ നിയമം നിര്‍മിക്കേണ്ടത്. കേസില്‍ കഴമ്പുണ്ടെന്നു തോന്നിയതു കൊണ്ടാണ് പത്തു ദിവസത്തിനുള്ളില്‍ നടപടി അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.