കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി രണ്ടു ദിവസത്തെ അവധി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജനുവരി 8, 9 തിയതികളില്‍ ജീവനക്കാര്‍ പണിമുടക്കിയത്. ഇതിനു പിന്നാലെ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.