കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ കോര്‍പ്പറേഷനിലെ 100 കോടിയുടെ അഴിമതിയുടെ കഥ വെളിപ്പെടുത്തിയത്. മുന്‍ അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ കെഎസ്ആര്‍ടിസി സൂപ്പര്‍ വൈസര്‍ ജൂഡ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കോര്‍പ്പറേഷന്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ കാര്യം ഗൗരവമുള്ളതാണെന്നും അഴിമതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയോട് നിര്‍ദേശിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജികളായിട്ടാണ് സമര്‍പ്പിക്കേണ്ടതെന്ന് കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു.