കോട്ടയം: കോട്ടയത്ത് ശക്തമായ മഴ തുടരുന്നു. റെയില്‍വേ ടണലില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വേണാട് എക്‌സ്പ്രസ് ചങ്ങനാശേരിയില്‍ പിടിച്ചിട്ടു. ഇന്ന് രാവിലെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. ജീവനക്കാര്‍ ട്രാക്കില്‍ നിന്നും മണ്ണു നീക്കുന്നു.
ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മഴ കനത്താല്‍ മണിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ 5 മുതല്‍ 10 സെന്റ് മീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പമ്പയാറിന്റെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.