കെ.അരവിന്ദ്
രതീഷിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതിനുള്ള തീയതി നവംബര്‍ ഒന്ന് ആയിരുന്നു. എന്നാല്‍ അത് കൃത്യസമയത്ത് പുതുക്കാന്‍ അദ്ദേഹം തിരക്കുകള്‍ക്കിടയില്‍ ഓര്‍ത്തില്ല. ഡിസംബര്‍ അവസാനം ഒരു ശസ്‌ത്രക്രിയക്ക് വിധേയമാകേണ്ടതുണ്ടെന്ന് ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ് രതീഷ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയില്ലെന്ന കാര്യം ഓര്‍ത്തത്. ഉടന്‍ പ്രീമിയം അടയ്‌ക്കാന്‍ അദ്ദേഹം തീരുമാനിച്ചെങ്കിലും പോളിസി പുതുക്കാന്‍ സാധിച്ചില്ല. പോളിസി പുതുക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് അപ്പോഴേക്കും കഴിഞ്ഞു പോയിരുന്നു. അതായത് അദ്ദേഹത്തിന് പോളിസി കവറേജ് നഷ്‌ടമായി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മുഴുവന്‍ ചെലവുകളും അദ്ദേഹത്തിന് സ്വന്തം നിലയില്‍ വഹിക്കേണ്ടി വന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകളില്‍ ചിലരൊക്കെ രതീഷിനെ പോലെ പോളിസി കൃത്യസമയത്ത് പുതുക്കാന്‍ ഓര്‍ക്കാത്തവരാണ്. ഫലമോ അതുവരെയുള്ള പോളിസി കവറേജ് നഷ്‌ടമാകുന്നു. ആശുപത്രിയില്‍ ചെലവേറിയ ചികിത്സകള്‍ക്ക് വിധേയമാകുമ്പോള്‍ യാതൊരു പരിരക്ഷയും ലഭിക്കാതെ പോകുന്നു. മാത്രവുമല്ല, കവറേജ് ലഭിക്കുന്നതിനായി ഇത്രയും കാലം അടച്ച പ്രീമിയം കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ പോകുകയും ചെയ്യുന്നു. അത്രയും വര്‍ഷങ്ങള്‍ അടച്ച പ്രീമിയം തുക കൂടിയാണ് ഉപഭോക്താവിന് നഷ്‌ടമാകുന്നത്.
ഇത്തരം ദുസ്ഥിതി ഒഴിവാക്കുന്നതിനായി പോളിസി കൃത്യസമയത്ത് പുതുക്കുന്നതിന് ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്. കഴിയുന്നതും പോളിസി പുതുക്കേണ്ട തീയതിക്ക് മുമ്പു തന്നെ പ്രീമിയം അടയ്‌ക്കുന്നതാണ് നല്ലത്. സാധാരണ നിലയില്‍ പോളിസി പുതുക്കേണ്ട തീയതിക്ക് 45 ദിവസം മുമ്പു തന്നെ ഇന്‍ഷുറന്‍സ് കമ്പനി പുതുക്കുന്നതിനുള്ള നോട്ടീസ് അയക്കാറുണ്ട്.
ഇന്‍ഷുറന്‍സ് പോളിസികളുടെ ഗ്രേസ് പീരിയഡ് 30 ദിവസമാണ്. അതായത് പോളിസി പുതുക്കേണ്ട തീയതിക്കു ശേഷം 30 ദിവസത്തിനകം പിഴ കൂടാതെ പ്രീമിയം അടച്ച് പോളിസി പുതുക്കാനാകും. അതേസമയം ഗ്രേസ് പീരിയഡ് കാലയളവില്‍ പോളിസി കവറേജ് ലഭ്യമാകില്ല. പോളിസി പുതുക്കേണ്ട തീയതി വരെ മാത്രമേ കവറേജ് ഉണ്ടാകുകയുള്ളൂ. അതിനാല്‍ ഗ്രേസ് പീരിയഡ് കാലയളവിലെ പോളിസി പുതുക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ ആശുപത്രി ചെലവുകള്‍ക്ക് യാതൊരു പരിരക്ഷയും ലഭ്യമാകില്ല. പ്രീമിയം അടച്ചതിനു ശേഷം വീണ്ടും പരിരക്ഷ ലഭ്യമാകും.
ഗ്രേസ് പീരിയഡിനു ശേഷം പോളിസി പുതുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഗ്രേസ് പീരിയഡ് കഴിഞ്ഞാണ് പ്രീമിയം അടയ്‌ക്കുന് തെങ്കില്‍ അത് പുതിയ പോളിസി എടുക്കുന്നതിന് തുല്യമാകും. ആവശ്യമെങ്കില്‍ വൈദ്യപരിശോധനയും നടത്തേണ്ടിവരും. പുതിയ പോളിസി എടുക്കുമ്പോഴുള്ള വെയ്‌റ്റിംഗ് പീരിയഡ് വീണ്ടും ബാധകമാകും. ഉദാഹരണത്തിന് നാല് വര്‍ഷം വരെ നിലവിലുള്ള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭ്യമാകില്ലയെന്നാണ് നേരത്തെ പോളിസി എടുത്തപ്പോഴത്തെ നിബന്ധനയെങ്കില്‍ അത് വീണ്ടും ബാധകമാകും. നേരത്തെ പോളിസി എടുത്തത് രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍ പോലും നാല് വര്‍ഷം വെയ്‌റ്റിംഗ് പീരിയഡ് വീണ്ടും ബാധകമാകും.
നോ ക്ലെയിം ബോണസ് നഷ്‌ടമാകുമെന്നതാണ് മറ്റൊരു ന്യൂനത. പോളിസി എടുത്തതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ ക്ലെയിം ഉണ്ടായില്ലെങ്കില്‍ ലഭ്യമാകുന്നതാണ് നോ ക്ലെയിം ബോണസ്. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപയുടെ പോളിസിക്ക് ആദ്യവര്‍ഷം 50,000 രൂപ നോ ക്ലെയിം ബോണസ് ലഭിച്ചുവെന്ന് കരുതുക. പോളിസി കൃത്യ സമയത്ത് പുതുക്കിയില്ലെങ്കില്‍ ഈ ബോണസ് നഷ്‌ടമാകും.