കെ.അരവിന്ദ്
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്ക് സ്വീകരിച്ച ചില മുന്‍കരുതല്‍ നടപടികളാണ് പ്രവര്‍ത്തന ഫല റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ലാഭത്തില്‍ 19.5 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ ത്രൈമാസത്തിലുണ്ടായത്. 6658.62 കോടി രൂപയാണ് കഴിഞ്ഞ ത്രൈമാസത്തിലെ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ലാഭം 5568 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 18 ശതമാനമാണ് ഉയര്‍ന്നത്. 11,665 കോടി രൂപയാണ് അറ്റ പലിശ വരുമാനം. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 13,294 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി കൂടുകയാണ് ചെയ്‌തത്. 13,773 കോടി രൂപയാണ് കഴിഞ്ഞ ത്രൈമാസത്തിലെ നിഷ്‌ക്രിയ ആസ്‌തി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 11,769 കോടി രൂപയായിരുന്നു. കോവിഡ് മൂലം വായ്‌പാ തിരിച്ചടവ് കുറയാനുള്ള സാധ്യത കാരണം നിഷ്‌ക്രിയ ആസ്‌തിയിലെ വര്‍ധന വിപണി പ്രതീക്ഷിച്ചിരുന്നതാണ്.
അതേസമയം ഭാവിയില്‍ നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കൂടുതല്‍ തുക പ്രൊവിഷന്‍ ഇനത്തില്‍ വകയിരുത്തിയതാണ് ശ്രദ്ധേയമായ കാര്യം. റിസര്‍വ് ബാങ്ക് പറയുന്ന ചട്ടം അനുസരിച്ച് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ നീക്കിയിരിപ്പ് അവര്‍ നടത്തിയിട്ടുണ്ട്. മൊറട്ടോറിയം കാലയളവിനു ശേഷവും അപ്രതീക്ഷിതമായി വായ്‌പാ തിരിച്ചടവില്‍ വീഴ്‌ചയുണ്ടായാല്‍ അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവര്‍ നീക്കിയിരിപ്പ് കൂട്ടിയത്. കോവിഡ് ഭീതി ഉപഭോക്താക്കളുടെ പ്രകൃതത്തില്‍ തന്നെ വരുത്തിയിരിക്കുന്ന മാറ്റവും സാമ്പത്തിക ഇടപാടുകള്‍ കുറയുന്നതും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സാഹചര്യത്തെ അവര്‍ മുന്‍കൂട്ടി കാണുന്നത്. ബിസിനസിലുണ്ടാകാവുന്ന തിരിച്ചടി നേരത്തെ ഉള്‍ക്കൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ബാങ്കുകളുടെ കാര്യത്തില്‍ അപൂര്‍വമായ നടപടിയാണ്.
സാധാരണ റിസര്‍വ് ബാങ്ക് പറയുന്ന ചട്ടം പോലും കൃത്യമായി പാലിക്കാതെ ബാലന്‍സ്‌ഷീറ്റില്‍ വെള്ളം ചേര്‍ത്ത് ലാഭം കൂട്ടി കാണിക്കുന്ന പ്രവണത പല ബാങ്കുകളുടെയും ഭാഗത്തു നിന്ന് ഉണ്ടാകുമ്പോഴാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇത്തരമൊരു കോര്‍പ്പറേറ്റ് മാന്യത പ്രകടിപ്പിക്കുന്നത്. ഇത്തരത്തില്‍ ബിസിനസിന്റെ ഭാവി സംബന്ധിച്ച വ്യക്തതയും സുതാര്യതയും നിലനിര്‍ത്തുന്നത് ഉയര്‍ന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് നിലവാരത്തെയാണ് കാണിക്കുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന് നിക്ഷേപകര്‍ ഉയര്‍ന്ന മൂല്യം കല്‍പ്പിക്കാന്‍ തയാറാകുന്നതും ഈ സവിശേഷത കൊണ്ടു തന്നെയാണ്. ഇത്തരം വേറിട്ട നടപടികളിലൂടെയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തത്. ആ വിശ്വാസത്തിനുള്ള മൂല്യം ഓഹരിക്ക് വിപണിയില്‍ നിന്ന് ലഭിക്കുന്നു. നിലവില്‍ പുസ്‌തകമൂല്യത്തിന്റെ 3.91 മടങ്ങാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില.
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.
എച്ച്‌ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം ഒരു മുതല്‍കൂട്ടായാണ് ഓഹരി നിക്ഷേപകര്‍ കാണേണ്ടത്. പോര്‍ട്‌ഫോളിയോയില്‍ എക്കാലവും നിലനിര്‍ത്തേണ്ട ഒരു ബ്ലൂചിപ് ഓഹരിയാണ് ഇത്. ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ ബാങ്കിങ് ഓഹരികള്‍ പങ്കുകൊള്ളാന്‍ തുടങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതുകൊണ്ടുതന്നെ എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നിക്ഷേപാവസരമാണ് നിലനില്‍ക്കുന്നത്.