ലഖ്‌നൗ: ഇന്ത്യയുടെ ദേശീയ പിഷ്പമായ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വിഷയത്തില്‍ മറുപടി നല്‍കാന്‍ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കറാണ് പൊതുതാല്‍പര്യ ഹര്‍ജിയി സമര്‍പ്പിച്ചത്. താമര ഒരു ദേശീയ പുഷ്പം എന്ന നിലയ്ക്ക് വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും താമര പ്രതീകമായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയായി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.











