ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും അന്തിമ തീരുമാനം ഇന്നുണ്ടാകും.
നേരത്തെ കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ നോക്കാമെന്നും കേസ് വിധി പറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് ഹര്‍ജികളില്‍ വിധി പറയുക. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യുപി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലും കോടതിയുടെ തീര്‍പ്പ് ഇന്നുണ്ടാകും.
അതേസമയം കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യോഗി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.