രാജ്യത്ത് നടന്ന കോവിഡ് വാക്‌സിനേഷന്‍ യജ്ഞം വലിയ ആശ്വാസം നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനേഷന് രാജ്യത്ത് തുടക്കമിട്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാര്‍ എന്നയാളാണ് രാജ്യത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്ന ചടങ്ങില്‍ വാക്‌സിനെ സഞ്ജീവനിയെന്നാണ് വിശേഷിപ്പിച്ചത്.
‘കോവിഡിനെതിരായ പോരാട്ടത്തില്‍ സഞ്ജീവനി പോലെയാണ് വാക്‌സിന്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. പോരാട്ടം ക്രമേണ വിജയത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ വിജയത്തിലേക്ക് എത്രയും വേഗം നീങ്ങാനാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്’ ഹര്‍ഷ വര്‍ധന്‍ പ്രതികരിച്ചു. വാക്‌സിന്‍ വിതരണത്തില്‍ പങ്കാളിയായ സംസ്ഥാനങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം എല്ലാ ദിവസവും കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകരുടെയും കൊറോണ മുന്‍നിര പോരാളികളുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള ആദരവാണ് എന്ന നിലയിലാണ് ഇവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ നല്‍കുന്നതെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു




















