കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ചടങ്ങുകൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് കടന്നു. മുസ്ദലിഫയിൽ നിന്നു പ്രഭാത നിസ്കാരത്തിനു ശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ ആദ്യത്തെ കല്ലേറ് കർമ്മം നിർവഹിച്ചു. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന് ശേഷം മുസ്ദലിഫയിലെത്തി താമസിച്ചു വെള്ളിയാഴ്ച രാവിലെയാണ് തീർത്ഥാടകർ മിനായിൽ എത്തിയത്.
കർശന മുൻകരുതൽ പാലിച്ചാണ് കല്ലേറ് കർമ്മവും ത്വവാഫും നടന്നത് .ഇരുപത് പേരടങ്ങുന്ന ഓരോ സംഘത്തിനും ഒരു ലീഡർ ഉണ്ടായിരുന്നു. അണുവിമുക്തമായ കല്ലുകൾ പാക്കറ്റുകളിലാക്കി അധികൃതർ വിതരണം ചെയ്തിരുന്നു. ആയിരത്തോളം വരുന്ന ഹാജിമാർ 2 മീറ്ററിലധികം അകലത്തിൽ നിന്നാണ് ഘട്ടം ഘട്ടമായി കല്ലെറിയൽ ചടങ്ങ് നടത്തിയത്. തുടർന്നു മക്ക ഹറം പള്ളിയിലെത്തി ട്രാക്കുകളിൽ കഅബ പ്രദിക്ഷണം പൂർത്തിയാക്കി. മിനായിൽ തിരിച്ചെത്തിയ ശേഷം ഹാജിമാർ പരസപരം തല മുണ്ഡനം കർമ്മം നിർവഹിച്ചു. ബലിയറുക്കൽ ചടങ്ങ് ഇത്തവണ ഉണ്ടായില്ല. ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ചു ഹാജിമാർ ഇന്നുമുതൽ സാധാരണ വസ്ത്രം ധരിച്ചു തുടങ്ങും.
ഇന്നും നാളെയും മിനായിൽ താമസിച്ചു കല്ലെറിഞ്ഞ ശേഷം കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.മിനായില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരങ്ങളില്‍ ആണ് ഹാജിമാര്‍ സാധാരണ താമസിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബ് റാജ് മിന കെട്ടിടത്തിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.
സൗദിയിൽ താമസക്കാരായ, 160 രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത തീർഥാടകർക്ക് സൗജന്യമായി ഹജ് നിർവഹിക്കാനാണ് ഭരണകൂടം അവസരമൊരുക്കിയത്. ഹാജിമാരിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ വിവിധ ആശുപതികളിലായി 1456 കിടക്കകളും 272 തീവ്ര പരിചരണ മുറികളും 331 ഐസൊലേഷൻ കേന്ദ്രങ്ങളും 200 അത്യാഹിത വിഭാഗവും ക്രമീകരിച്ചിരുന്നു.












