ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ മാസ്‌ക് കോവിഡിനെ തടയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
എന്‍ 95 മാസ്‌കുകള്‍ കോവിഡ് പ്രതിരോധത്തെ ദോഷമായി ബാധിക്കുമെന്നും വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കുമെന്നും കേന്ദ്രം കത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ എന്‍ 95 മാസ്‌ക് ധരിക്കുന്നതിനെ സംസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ കേന്ദ്രം തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കാനും നിര്‍ദേശിച്ചു.
ഗാസ്‌കറ്റുകളുള്ള വാല്‍വ്ഡ് റെസ്പിറേറ്റര്‍ മാസ്‌കുകള്‍ ധരിക്കുന്നത് വായുവില്‍ നിന്ന് കോവിഡ് ബാധിക്കുന്നത് തടയുന്നതില്‍ ഫലപ്രദമാണ്. എന്നാല്‍ വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍നിന്ന് അയാളിലേക്കോ ചുറ്റുപാടുകളിലേക്കോ പടരുന്നത് തടയാനാവില്ല.
ഇത് അടിസ്ഥാനപരമായി ഒരു വണ്‍വെ വാല്‍വാണ്. ഇത്തരം മാസ്‌ക് ധരിക്കുന്ന വ്യക്തിക്ക് വായുവില്‍ നിന്ന് കോവിഡ് ബാധിക്കുന്നത് തടയുമെങ്കിലും അയാള്‍ പുറത്തുവിടുന്ന വായു ശുദ്ധീകരിക്കാന്‍ സാധ്യമല്ല. വ്യക്തിയുടെ നിശ്വാസത്തിലൂടെ വൈറസ് പുറത്തുപോകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.