രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന് മുഖ്യമന്ത്രി കത്തെഴുതിയിരുന്നു. പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.
കേന്ദ്രം ഗവേഷണ സ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനശ്രദ്ധ അകറ്റാനും ചര്‍ച്ചകളെ തിരിച്ചുവിടാനുമാണ് നീക്കം. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് ഗോള്‍വാള്‍ക്കറില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്നതല്ല ധര്‍മമെന്നും മതത്തിനുവേണ്ടി പോരാടുന്നതാണ് ആര്‍എസ്എസിന്റെ കര്‍ത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് ഗോള്‍വാള്‍ക്കര്‍. 1973 വരെ ആര്‍എസ്എസിന്റെ സര്‍ സംഘചാലകായി പ്രവര്‍ത്തിച്ച ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയിട്ടില്ല.
വ്യക്തികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോള്‍വാള്‍ക്കര്‍ അതിനെ എതിര്‍ത്തു. മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്തിയാണദ്ദേഹം. മനുസ്മൃതിയില്‍ പുരുഷന് സ്ത്രീക്കുമേല്‍ ഉണ്ടാകേണ്ട അധികാരത്തെക്കുറിച്ചുള്‍പ്പെടെ പറയുന്നത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ ഇംഗിതം. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്. സംവരണത്തെയും ഗോള്‍വാള്‍ക്കര്‍ എതിര്‍ത്തു.
ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. ജാതിവ്യവസ്ഥയും അതിന്‍പ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണമെന്നു വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘപരിവാറിന്റെ ഗുരുജിയായി സ്ഥാനം നേടിയത്. ഹിറ്റ്ലറുടെ കീഴില്‍ ജര്‍മനിയില്‍ നടന്ന വംശഹത്യയില്‍നിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠം ഉള്‍ക്കൊള്ളാനുണ്ട് എന്ന് എഴുതിയ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നത് വിരോധാഭാസമാണ്.
അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്‌കൃത തത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരില്‍ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

















