ടൈറ്റാനിയത്തിലെ എണ്ണ ചോര്‍ച്ചയ്ക്ക് കാരണം ഉപകരണങ്ങളുടെ കാലപ്പഴക്കമാണെന്ന് കണ്ടെത്തല്‍. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. 5,000 ലിറ്റര്‍ വരെ ചോര്‍ന്നതായി കണക്കാക്കുന്നുവെന്ന് ടൈറ്റാനിയം ചെയര്‍മാന്‍ എ.എ റഷീദ് പറഞ്ഞു. എണ്ണ കലര്‍ന്ന മണല്‍ 90 ശതമാനവും നീക്കം ചെയ്തതായും ടൈറ്റാനിയം ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം, എണ്ണച്ചോര്‍ച്ച അറിയിക്കാഞ്ഞതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി. എണ്ണച്ചോര്‍ച്ച മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നടപടി.
മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.