ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. 1999ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്നാണ് കേസ്. അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പു മന്ത്രിയായിരുന്നു ദിലീപ് റായ്.
സിബിഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാഷറാണ് ശിക്ഷ വിധിച്ചത്. ദിലീപ് റായിക്ക് പുറമെ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്നുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അതേസമയം കേസില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന് ദിലീപ് റായിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബിജെഡി എന്‍ഡിഎ-ക്കൊപ്പം ഉണ്ടായിരുന്ന കാലത്താണ് അന്ന് രജ്യസഭാംഗമായിരുന്ന ദിലീപ് റായ് കേന്ദ്ര സഹമന്ത്രിയാകുന്നത്.
എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ച് രണ്ടാം തവണ രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച ദിലീപ് റായിയെ 2002 ല്‍ ബിജെഡി പുറത്താക്കി. സംസ്ഥാന മന്ത്രിസഭയിലേക്ക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മൂന്ന് തവണ മത്സരിച്ച ദിലീപ് 2009 ല്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ടതോടെ 2019 ല്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.