ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോപിച്ചു. ഇതിന് ഉദാഹകരണമായി അയോധ്യ കേസിലെ വിധിയാണ് കട്ജു ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും അപമാനകരമായ വിധിയായിരുന്നു അയോധ്യ കേസിലേതെന്നു കട്ജു കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ലണ്ടൻ കോടതിയിൽ എതിര്‍ത്ത് സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു. ഇന്ത്യൻ സാമ്പത്തിക രംഗം തകർന്നതിന് നീരവ് മോദിയെ ബലിയാടാക്കിയെന്ന് കട്ജു പറഞ്ഞു. ജൂതന്മാർക്ക് 1930 കളിൽ ജർമ്മനിയിൽ നേരിടേണ്ടിവന്ന ആക്രമണം പോലെയാണ് നീരവിനെതിരായ ആരോപണമെന്നും കട്ജു കോടതിയെ അറിയിച്ചു.
നീരവ് മോദിയെ ഇന്ത്യയിലേക്ക് അയച്ചാൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ലെന്നും മാർക്കണ്ഡേയ കട്ജു പറയുന്നു. ലോക്ഡൗണിന് മുമ്പേ ഇന്ത്യൻ സാമ്പത്തികരംഗവും ജിഡിപിയുമൊക്കെ തകർന്നിരുന്നു. സാമ്പത്തിക രംഗത്തെ എങ്ങനെ കരകയറ്റും എന്നതിനെ കുറിച്ച് ബിജിപി സർക്കാരിന് ഒരു ധാരണയും ഇല്ല. ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നീരവ് മോദി ഉൾപ്പടെയുള്ളവരെ ഇന്ത്യൻ സർക്കാർ ബലിയാടാക്കുന്നുവെന്നും കട്ജു കോടതിയോട് വിശദമാക്കി. 130 മിനിറ്റോളം വീഡിയോ കോണ്‍ഫറന്‍സ് നീണ്ടു.