തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മരണപ്പെടുന്ന വനം വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് വനം മന്ത്രി അഡ്വ. കെ രാജു. സ്ഥിരം ജീവനക്കാര്‍ക്ക് നിലവില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അടുത്തിടെ ഉണ്ടായ ദുരന്തങ്ങളില്‍ താത്കാലിക ജീവനക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിഭാഗത്തിന് കൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ക്ലേശകരമായ സാഹചര്യങ്ങളിലും അപകട സാധ്യത കൂടിയ വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ മരണം സംഭവിക്കുന്ന താത്കാലിക ജീവനക്കാരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. ഇതിനായുളള മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. വനരക്തസാക്ഷി ദിനത്തോടുനുബന്ധിച്ച് നടന്ന വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവരുന്ന വനപാലകരെ സ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് സെപ്തംബര്‍ 11ന് വനംരക്തസാക്ഷി ദിനമായി ആചരിക്കുന്നത്.
മികച്ച ഏഴ് വനപാലകരെയാണ് ഈ അടുത്ത കാലത്തായി നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ മരണമടയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ടെന്നും നഷ്ടപരിഹാരം, അര്‍ഹമായ ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


















