ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശ കാര്യ മന്ത്രി എസ് ജയശങ്കറാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്
ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ തറക്കല്ലിട്ടു.
ഖത്തറിലെ ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സുഗമമായി ചെയ്യുന്നതിനും കൂടുതല്‍ പേരേ ഒരേ സമയം ഉള്‍ക്കൊള്ളുന്നതിനും സജ്ജമാണ് പുതിയ കെട്ടിടം.
പുതിയ കെട്ടിടത്തിനുള്ള സ്ഥലം ഖത്തര്‍ ഭരണകൂടം ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഥാനിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ ഇരു നേതാക്കാളും ഒപ്പുവെച്ചു.
ഖത്തറുമായുള്ള ഇന്ത്യയുടെ വ്യാപാരം വര്‍ദ്ധിച്ചുവരികയാണ്. 2020-2021 ല്‍ 9.21 ബില്യണ്‍ യുഎസ് ഡോളറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ഇതില്‍ 1.28 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും 7.93 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയുമാണ്. ഇറക്കുമതിയില്‍ 90 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളാണ്.
എല്‍എന്‍ജി. എല്‍പിജിി, കെമിക്കല്‍സ് , പെട്രോ കെമിക്കല്‍സ്, പ്ലാസ്റ്റിക്, അലൂമിനിയം എന്നിവയാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ മുന്‍പന്തിയില്‍. അതേസമയം, ഭക്ഷ്യ സാമഗ്രികള്‍, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ , വസ്ത്രങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതികള്‍.













