ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും
ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഇക്കുറി ചെലവേറും. സ്റ്റേഡിയങ്ങളില്‍ കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്കു മുതല്‍ വിമാന യാത്രാക്കൂലി വരെ ഇതില്‍ ഉള്‍പ്പെടും.
കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇക്കുറി കൈയ്യിപ്പിടിയിലൊതുങ്ങാത്തതാണെന്ന ആക്ഷേപം വ്യാപകമാണ്. ആദ്യ ഘട്ട ടിക്കറ്റ് വില്‍പന അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
വന്‍ ഡിമാന്റാണ് ടിക്കറ്റുകള്‍ക്ക് ഇതേവരെ ലഭിച്ചുവരുന്നത്. ആളുകളെ ഉള്‍ക്കൊള്ളാവുന്ന പരിധി കഴിഞ്ഞും ടിക്കറ്റിന് അപേക്ഷകള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നറുക്കെടുപ്പിലായിരിക്കും ഇനി തീരുമാനം കൈക്കൊള്ളുക.
അപേക്ഷിച്ചവര്‍ക്കെല്ലാം ടിക്കറ്റ് കിട്ടുകയില്ലെന്ന് ഇപ്പോള്‍ തന്നെ സംഘാടകര്‍ സൂചന നല്‍കി കഴിഞ്ഞു.
ജനുവരി 19 നാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നവംബര്‍ 21 ലെ ഉദ്ഘാടന മത്സരം വീക്ഷിക്കാന്‍ 80,000 അപേക്ഷകള്‍ ലഭിച്ചു, ഡിസംബര്‍ 18 ലെ കലാശക്കളികാണാന്‍ 1,40,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് ആതിഥേയരായ ഖത്തറില്‍ നിന്നുതന്നെയാണ്. അര്‍ജന്റീന, മെക്‌സികോ, യുഎസ്എ, യുഎഇ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് അധിക അപേക്ഷകള്‍ വന്നിട്ടുള്ളതെന്ന് സംഘാടകര്‍ പറയുന്നു.
ലോക കപ്പ് കാണാനുള്ള സഞ്ചാരികളുടെ തിരക്കു മൂലം വിമാനായാത്രാ നിരക്കുകളും റോക്കറ്റു പോലെ ഉയര്‍ന്നിരിക്കുകയാണ്.
ഏറ്റവും അടുത്തുള്ള യുഎഇയിലെ ദുബായില്‍ നിന്നും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് ഈ കാലയളവിലേക്കുള്ള ഒരു ദിശയിലേക്കുള്ള ടിക്കറ്റിന് 4000 മുതല്‍ 6000 വരെ ദിര്‍ഹമായി നിരക്കു ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ 500-600 ദിര്‍ഹം വരുന്ന ടിക്കറ്റിനാണ് ആറായിരം വരെ കൊടുക്കേണ്ടി വരുന്നത്. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പടെയാണെങ്കില്‍ 8000 മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് നിരക്ക്.
അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും സമാനമായ നിരക്കു വര്‍ദ്ധന അനുഭവപ്പെടുന്നുണ്ട്.
ഇതേ അനുഭവം തന്നെയാണ് അര്‍ജന്റീന, യുകെ എന്നിവടങ്ങളില്‍ നിന്നുമുള്ള നിരക്കുകള്‍ക്കും. ബ്രസീല്‍ നിന്ന് ഇരട്ടിയോളം തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വന്നിരിക്കുന്നത്.
ഫെബ്രുവരി ആദ്യ വാരം അവസാനിക്കുന്ന ആദ്യ ഘട്ട ടിക്കറ്റ് വില്‍പനയ്ക്കു ശേഷം അവസാന ഘട്ട ടിക്കറ്റ് വില്‍പന ഒക്ടോബര്‍ അവസാനം ഉണ്ടാകുമെന്നാണ് സംഘാടകര്‍ നല്‍കുന്ന സൂചന.