English हिंदी

Blog

Financial Planing K Aravind

കെ.അരവിന്ദ്

വായ്പയെടുത്ത ധനകാര്യ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്ന ഇടപാടുകാരുടെ എണ്ണത്തില്‍ സമീപകാലത്ത് വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭവനവായ്പ ഇത്തരത്തില്‍ മാറ്റുന്ന തില്‍ 20 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബാക്കിയുള്ള വായ്പാ തുക അടച്ചു തീര്‍ക്കുന്നതിന് മറ്റൊരു ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വായ്പയെടുക്കുകയാണ് ഉപഭോക്താവ് ചെയ്യേണ്ടത്. അതിനു ശേഷം പുതിയ വായ്പയുടെ ഇഎംഐ അട ച്ചുതീര്‍ക്കണം. നിലവിലുള്ള വായ്പയുടെ പലിശനിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്.

കൈവശം വലിയൊരു തുക കൈവശം വരുമ്പോഴും വായ്പ അടച്ചുതീര്‍ക്കാന്‍ ചിലര്‍ അത് വിനിയോഗിക്കാറുണ്ട്. കാലയളവ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഭവന വായ്പ തിരിച്ചടയ്ക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതു കൊണ്ട് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് ഗുണമുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ വായ്പാ ബാധ്യതയുടെ ഭാരം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ക്ക് മുതിരാവൂ. വായ്പയുടെ കാലയളവ്, നല്‍കേണ്ടി വരുന്ന പലിശ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് വായ്പ നേരത്തെ അടച്ചുതീര്‍ക്കുന്നത് ലാഭകരമാണോയെന്ന് വ്യക്തമാകുന്നത്.

Also read:  ഇരുചക്ര വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ബജാജ്‌ ഓട്ടോ

വായ്പയെടുത്തതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. വായ്പാ കാലയളവിലെ ആദ്യവര്‍ഷങ്ങളിലെ തുല്യമാസഗഡുവിന്റെ ഭൂരിഭാഗവും പലിശയിനത്തിലേക്കാണ് പോകുന്നത് എന്നതു തന്നെ കാരണം. തുല്യമാസഗഡുവിന്റെ ഘടന നോക്കിയാല്‍ ഇത് വ്യക്തമാകും.

നേരത്തെ ഭവനവായ്പ അടച്ചുതീര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അതിന് അനുസരിച്ചുള്ള വായ്പാ ആസൂത്രണം കൂടി നടത്തേണ്ടതുണ്ട്. ദീര്‍ഘമായ കാലയളവിലേക്ക് വായ്പ എടുത്തതിനു ശേഷം ഇടക്കുവെച്ച് വായ്പ തിരിച്ചടയ്ക്കുന്നത് പലിശ ഇനത്തില്‍ കൂടുതല്‍ തുക അടക്കുന്നതിനാണ് വഴിവെക്കുക.

Also read:  കമ്പനികള്‍ ഓഹരി പണയപ്പെടുത്തുന്നത്‌ വര്‍ധിക്കുന്നു

ഫ്ളോട്ടിംഗ് നിരക്കില്‍ വായ്പ എടുത്ത ഒരാളെ സംബന്ധിച്ചിടത്തോളം പലിശ ഇനത്തിലുള്ള ബാധ്യതയിലും തുല്യമാസഗഡുവിലും പലിശനിരക്ക് അനുസരിച്ച് വ്യതിയാനം ഉണ്ടാകാം. എങ്കില്‍പ്പോലും വായ്പാ കാലയളവിന്റെ പകുതിയോളം താണ്ടിയതിനുശേഷം വായ്പ തിരിച്ചടയ്ക്കുന്നതിനേക്കാള്‍ ലാഭകരം ആ തുക ഫലപ്രദമായി നിക്ഷേപിക്കുകയാവും.

ഭവനവായ്പ എടുത്തവര്‍ക്ക് ആദായനികുതി നിയമം 24 (എ) അനുസരിച്ചുള്ള നികുതി ഇളവ് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വരെയാണ്. ഉയര്‍ന്ന നികുതി സ്ലാബില്‍പെടുന്നവര്‍ക്ക് ഇത്തരത്തില്‍ 60,000 രൂപ വരെയാണ് നികുതി ഇനത്തില്‍ ലാഭിക്കാന്‍ സാധിക്കുന്നത്. ആദായനികുതി നിയമം 80 (സി) അനുസരിച്ച് മുതലിലേക്കുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള തിരിച്ചടവിനും നികുതി ഇളവ് ലഭിക്കുന്നതാണ്. ഉയര്‍ന്ന നികുതി സ്ലാബില്‍പെടുന്നവര്‍ക്ക് മുതലിലേക്കുള്ള തിരിച്ചടവ് വഴി 45,000 രൂപ വരെയാണ് നികുതി ഇനത്തില്‍ ലാഭിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ കാലയളവ് തീരുന്നതിനു മുമ്പ് ഭവനവായ്പ അടച്ചുതീര്‍ക്കാന്‍ മുതിരുന്നതിനു മുമ്പ് നികുതി ഇനത്തില്‍ ലഭിക്കുന്ന ഇത്തരം ആനുകൂല്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

Also read:  രണ്ട്‌ ദിവസത്തെ നഷ്‌ടത്തിനു ശേഷം ഓഹരി വിപണിക്ക്‌ നേട്ടം

കടമുക്തനായി എന്ന് ആശ്വാസം കൊള്ളുന്നതിനായി കൈയിലുള്ള പണം വായ്പ തിരിച്ചടയ്ക്കുന്നതിന് വിനിയോഗിക്കുന്നതിനു മുമ്പ് അത് ഫലപ്രദമായി നിക്ഷേപിച്ചാലുള്ള നേട്ടം കൂടി കണക്കിലെടുത്തു വേണം വായ്പ കാലയളവ് തീരും മുമ്പേ തിരിച്ചടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.