ഐ ഗോപിനാഥ്
പോയവാരത്തിലുണ്ടായ ഏതാനും സംഭവങ്ങളും അവ കേരളത്തനുമുന്നില്‍ ഉന്നയിക്കുന്ന ഗുരുതരമായ ചില വിഷയങ്ങളുമാണ് ഈ കുറിപ്പില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. അതാകട്ടെ, പ്രധാനമായും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടാണ്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. ഈ ബന്ധത്തില്‍ സമീപകാലത്ത് ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഗൗരവമായ ശ്രമം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം എത്തിച്ചേരാനിടയുള്ള ഗുരുതരമായ വിഷമസന്ധിയെ കുറിച്ചാണ്.
കേരളത്തിന് തൊട്ടുകിടക്കുന്ന മസനഗുഡിയില്‍ കാട്ടാനയെ ടയര്‍ കത്തിച്ചെറിഞ്ഞ് കൊന്ന ദാരുണമായ സംഭവം, വയനാട് റിസോര്‍ട്ടിലെ ടെന്റില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ കാട്ടാന ചവിട്ടികൊന്നത്. തിരുവനന്തപുരത്ത് കാട്ടാനയെ സംശയകരമായ സാഹചര്യത്തില്‍ ചെരിഞ്ഞതായി കണ്ടത്, ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചത് തുടങ്ങിയ സംഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയായ ആനയെ, ഭക്ഷണത്തില്‍ തോട്ട വെച്ച പൊട്ടിച്ച് കൊന്ന സംഭവം വിവാദമായി അധികകാലമായിട്ടുമില്ല. ഈ സംഭവങ്ങളിലെല്ലാം നടന്നത് മൃഗങ്ങള്‍ക്കുനേരയെുള്ള കടന്നാക്രമണങ്ങളും കടുത്ത നിയമലംഘനങ്ങളുമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണം. അതേസമയം കാടും നാടുമായുള്ള അതിര്‍ വരമ്പുകള്‍ നേര്‍ത്തുവരുകയും മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. ഇത്തരത്തിലണ് മുന്നോട്ടുപോകുന്നതെങ്കില്‍ കേരളം നേരിടാന്‍ പോകുന്ന വലിയൊരു സാമൂഹ്യപ്രശ്‌നമായി ഇതു മാറാന്‍ പോകുകയാണ്.
വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാകുകയും വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ കൂടി ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെ അതിര്‍ത്തി കടന്നു പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടുചേര്‍ന്നും കയ്യേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയേയും അവ ആക്രമിക്കുന്നു. കൃഷിയിടങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ രുചികരമായ ആഹാരം സമ്പാദിക്കാന്‍ അവയ്ക്ക് സാധ്യമാവുന്നു. കാട്ടില്‍ ഒരുപാട് അലഞ്ഞാല്‍ മാത്രമാണ് അവക്ക് അത്രയും ആഹാരം ലഭ്യമാവുക. പഴവും തേങ്ങയും മരച്ചീനിയുമൊന്നും കാട്ടില്‍ ലഭിക്കുകയുമില്ല. കൂടാതെ വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യനിര്‍മ്മിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു.
സ്വാഭാവികമായും ഇത്തരൊമരു സാഹചര്യം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് കര്‍ഷകരേയും ആദിവാസികളേയുമാണ്. കാട്ടില്‍ നിന്ന് വളരെ ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും പോലും വന്യമൃഗങ്ങള്‍ കടന്നെത്തുന്നത് ഇന്ന് അസ്വാഭാവികമല്ല. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, റമ്പര്‍, പൈനാപ്പിള്‍, മധുരക്കിഴങ്ങ്, കൂവ, ഇഞ്ചി തുടങ്ങിയ വിവധ ഇനം വിളകളെല്ലാം നശിപ്പിക്കപ്പെടുന്നു. നിരവധി പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. വയനാട്ടിലും ഇടുക്കിയിലും മലക്കപ്പാറ – വാല്‍പ്പാറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനംവകുപ്പിനും സര്‍ക്കാരിനുമെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുന്നു. വയനാട്ടില്‍ അടുത്തിടെ കടുവയുടെ ആക്രമണത്തിന്റെ ഫലമായുണ്ടായ മരണത്തെ തുടര്‍ന്ന് ഇത്തരം സമരങ്ങള്‍ ആളിപ്പടര്‍ന്നിരുന്നു. വയനാട് ജില്ലയുമായി അതിരു പങ്കിടുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയൊഴുകുന്ന കബനി നദി വറ്റിവരണ്ടുപോയതായിരുന്നു അടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പ്രധാന കാരണമായത്. ബന്ദിപ്പൂരിനോട് ചേര്‍ന്നു കിടക്കുന്ന വയനാട് വന്യ ജീവി സങ്കേതത്തിന്റെയും സ്ഥിതി സമാനമായിരുന്നു.
വന്യമൃഗശല്യമെന്ന് കേട്ടാലുടനെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ കാട്ടാനയാണ്. അതു ശരിയുമാണ്. എന്നാല്‍ കാട്ടാനയില്‍ മാത്രമായി അത് ഒതുങ്ങില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തില്‍ കൃഷിക്ക് നാശം വരുത്തുന്ന പത്ത് ജീവജാതികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, കലമാന്‍, മയില്‍, പറക്കുന്ന അണ്ണാന്‍, പുള്ളിമാന്‍, നാട്ടുകുരങ്ങ്, തത്ത എന്നിങ്ങനെ പോകുന്നു ആ പട്ടിക. പൊതുവില്‍ ആനകള്‍ക്ക് സിഥിരം സഞ്ചാരപഥങ്ങളുണ്ട്. എന്നാല്‍ കാട്ടുപന്നികളും മറ്റും എവിടേയും എപ്പോഴും കടന്നുവരാം. അവയുടെ പ്രത്യുല്പാദനക്ഷമതയും വളരെ കൂടുതലാണ്. കര്‍ഷകരെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി കാട്ടുപന്നികളാണ്. വളരം കര്‍ക്കശമായ വ്യവസ്ഥകളാല്‍ അവയെ കൊല്ലാന്‍ ഇപ്പോള്‍ അനുമതിയുണ്ട്. ന്നൊല്‍ സാധാരണ കര്‍ഷകന് അതൊന്നും എളുപ്പമല്ല. പാലക്കാട് ജില്ലയില്‍ മയിലുകള്‍ വരുത്തുന്ന കൃഷിനാശം ചില്ലറയല്ല. സംസ്ഥാനത്തെ പല ഭാഗത്തും കുരങ്ങന്മാരും കര്‍ഷകരുടെ പ്രധാന ശത്രുക്കളായി മാറുന്നു. കല്പറ്റ മുനിസിപ്പാലിറ്റിയില്‍ കുരങ്ങുശല്ല്യ നിവാരണസമിതി എന്ന ഒരു സംഘടനപോലും നിലവിലുണ്ട്.
പണ്ട് കാട്ടില്‍ ആദിവാസികള്‍ ഏറുമാടങ്ങളില്‍ കാവല്‍ കിടന്നാണ് പുനംകൃഷിയെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിച്ചിരുന്നത്. തോല്‍വാദ്യങ്ങള്‍ കൊട്ടിയും ബഹളം വെച്ചും അവര്‍ വന്യജീവികളെ പ്രതിരോധിച്ചു. കുടിയേറ്റകര്‍ഷകരും ആദ്യകാലങ്ങളില്‍ ഈ രീതികള്‍ തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. തുടര്‍ന്ന് പടക്കങ്ങള്‍ ഫലപ്രദമായ ഒരു പ്രതിവിധിയായി കുറെകാലം നിലനിന്നു. അന്ന് വനനിയമങ്ങള്‍ കര്‍ക്കശമല്ലാതിരുന്നതുകൊണ്ട് വേട്ടയാടലും സജീവമായിരുന്നു. ഇപ്പോള്‍ ടയര്‍ കത്തിച്ച് എറിയുക, പന്തമെറിയുക, ബിയര്‍ കുപ്പിയില്‍ പെട്രോളൊഴിച്ച് കത്തിച്ച് എറിയുക തുടങ്ങിയ വളരെ അശാത്രീയവും ക്രൂരവുമായ രീതികളാണ് പലപ്പോഴും ആനകളെ നേരിടാന്‍ നാട്ടുക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ വനംവകുപ്പ് നിയോഗിച്ച ആനസ്‌കോഡ് പ്രയോഗിക്കുന്നത് കത്തിച്ച് വിടുന്ന വാണമാണ്. വാണത്തിന്റെ ചീറ്റല്‍ ശബ്ദവും തൊട്ടടുത്ത് വീണ് പൊട്ടുമ്പോഴുള്ള ശബ്ദവും കേള്‍ക്കുമ്പോള്‍ ആനകള്‍ ഭയപ്പെട്ട് ഓടിപോകുന്നുണ്ട്. എന്നാല്‍ അതൊന്നും എളുപ്പമല്ല. പല രാജ്യങ്ങളിലും ആനകളെ ഓടിക്കാന്‍ തേനീച്ചകളെ ഉപയോഗിക്കുന്നുണ്ട്. സുഗന്ധഗിരി വനമേഖലയോട് ചേര്‍ന്ന് വരുന്ന അമ്പ എന്ന സ്ഥലത്ത് തേനിച്ചകൂട് വേലികള്‍ പരീക്ഷിച്ച് വിജയകരമെന്ന് തെളിയിച്ചിരുന്നു കണ്ണൂര്‍ ജില്ലയിലെ ഒരു കര്‍ഷകന്‍ ഒരു ശബ്ദ-പ്രകാശവേലി പരീക്ഷിച്ചിരുന്നു. വേലിയില്‍ വന്യമൃഗങ്ങള്‍ സ്പര്‍ശിച്ചാല്‍ പലതരം ബള്‍ബുകള്‍ പ്രകാശിക്കുകയും വിവിധതരം ശബ്ദങ്ങള്‍ പുറപ്പെടുകയും ചെയ്യും. അത് സ്ഥാപിച്ച ശേഷം ആനശല്യം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പക്ഷെ ആന ഇറങ്ങിയതിന് ശേഷം ഓടിക്കുന്ന പരിപാടിയേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ആനയിറക്കം ഇല്ലാതാക്കുന്നതിനാകണം. മറ്റു മൃഗങ്ങളുടെ കാര്യവും അങ്ങനെതന്നെ.
കിടങ്ങുനിര്‍മ്മാണം (ട്രഞ്ച്), ഇലക്ട്രിക്കല്‍ ഫെന്‍സിംഗ്, സോളാര്‍ ഫെന്‍ സിംഗ്, റെയില്‍ ഫെന്‍സിംഗ്, മതിലുകെട്ടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ കൂടി തടയാവുന്ന രീതിയിലല്ല ഈ വിഷയം വളരുന്നത്. ഇവയില്‍ പലതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതഫലമുണ്ടാക്കും. അതേസമയം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം ആളുകള്‍ക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസ പദ്ധതികള്‍ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തുലക്ഷംരൂപ കൈപ്പറ്റി വന്യജീവി/ കടുവാ സങ്കേതത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ പത്തുലക്ഷംരൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറി ത്താമസിക്കുകയോ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം വയനാട് വന്യ ജീവിസങ്കേതത്തിനകത്തെ മുഴുവന്‍ പേരേയും പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണ്. എന്നാല്‍ വനങ്ങളോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ക്ക് അതിനു സാധ്യമാകുമോ, അത് വനാവകാശ നിയമത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായ സമരങ്ങള്‍ക്ക് കാരണമാകാന്‍ പോകുന്ന ഈ വിഷയത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തേയും കാണേണ്ടത്. പ്രധാനമായും ബന്ദിപ്പൂര്‍ വന്യമൃഗസങ്കേതത്തിലെ മൃഗങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണ്ണാടക പൊതുവില്‍ നിരോധനത്തിന് അനുകൂലമാണ്. എന്നാല്‍ മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും നിരന്തരമായി യാത്രചെയ്യുന്നവരാണ് മലയാളികളെന്നതിനാല്‍ കേരളം എതിരുമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നു. രാത്രിയാത്രാനിരോധനത്തെ സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ വിഷയത്തിനു പരിഹാരം കാണുമെന്ന് വയനാട്ടില്‍ നിന്നു മത്സരിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. തത്വത്തില്‍ ഈ നിരോധനം അനിവാര്യമാണ്. മൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അതുന്നയിക്കാതെയുള്ള പ്രക്ഷോഭങ്ങള്‍ നൈതികമാണെന്നു പറയാനാവില്ല. അതുപോലെതന്നെ മലബാര്‍ വന്യജീവി സങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ ദൂരപരിധി ബഫര്‍ സോണായി പ്രഖ്യാപിക്കാനുള്ള തീരുമാനങ്ങളിലും കര്‍ഷകരും നാട്ടുകാരും ആശങ്കാകുലരാണ്. അവിടേയും കര്‍ഷകരുടെ ഗൗരവമായ പ്രശ്‌നങ്ങളും മൃഗങ്ങളുടെ നിലനില്‍പ്പും പരിഗണിച്ചുള്ള തീരുമാനമാണ് വേണ്ടത്.
വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യുഎന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്. വളറെ കാലം നടന്ന ചര്‍ച്ചകളുടേയും മനുഷ്യന്‍ നേടിയ സാംസ്‌കാരിക വളര്‍ച്ചയുടേയും ഫലമായാണ് ഇത്തരമൊരു പ്രഖ്യാപനം പുറത്തുവന്നത്. അതിനാല്‍ തന്നെ അതംഗീകരിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്യ .യുഎന്‍ പ്രഖ്യാപനം കണക്കിലെടുത്തും അതേസമയം ആദിവാസികളേയും കര്‍ഷകരേയും സംരക്ഷിച്ചുമുള്ള നടപടികളാണ് ആവശ്യം. ആ ദിശയില്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കേണ്ടകാലം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു. ഈ ലക്ഷ്യ്തതിനായി 2020ലെ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ ചെറുതെങ്കിലും ഒരു തുക മാറ്റിവെച്ചിരുന്നു. എന്നാല്‍ കാര്യമായൊന്നും നടക്കുകയുണ്ടായില്ല. ഇനിയെങ്കിലും മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്കായിരിക്കും നാം സാക്ഷിയാകാന്‍ പോകുന്നത്.