മുംബൈ: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ് മൈതാനത്താണ് സംഘടിച്ചത്. രാവിലെ 11ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും. ഉച്ചക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. തലസ്ഥാനത്തെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെ നടക്കുന്ന റാലിയോടനുബന്ധിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ വന്‍സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.












