English हिंदी

Blog

stock scan

കെ.അരവിന്ദ്‌

ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ ആഗോളരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ്‌ എല്‍ടി ഫുഡ്‌സ്‌. ബസുമതി അരി, മറ്റ്‌ പ്രത്യേക ബ്രാന്റ്‌ അരികള്‍, ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അരിയില്‍ നിന്നുണ്ടാക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ബിസിനസാണ്‌ കമ്പനി പ്രധാനമായും ചെയ്യുന്നത്‌.

ഈ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും കമ്പനി നിര്‍വഹിക്കുന്നു. ഇന്ത്യക്കു പുറമെ ഗള്‍ഫ്‌ രാജ്യങ്ങള്‍, യുകെ, യൂറോപ്‌, യുഎസ്‌ തുടങ്ങിയ മേഖലകളിലും കമ്പനിക്ക്‌ സാന്നിധ്യമുണ്ട്‌. കൃഷി, സംഭരണം, സ്റ്റോറേജ്‌, സംസ്‌കരണം, പാക്കിംഗ്‌, വിതരണം എന്നീ എല്ലാ ഘട്ടങ്ങളിലെയും പ്രവര്‍ത്തനം കമ്പനി തന്നെ നിര്‍വഹിക്കുന്നു.

Also read:  ദീര്‍ഘകാലത്തിനുള്ളില്‍ സമ്പത്ത് വളര്‍ത്താന്‍ ആദിത്യ ബിര്‍ള കാപ്പിറ്റല്‍

നടപ്പുസാമ്പത്തിക വര്‍ഷം ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ എല്‍ടി ഫുഡ്‌സ്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. 40 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 13 ശതമാനമാണ്‌. 35 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം ത്രൈമാസത്തിലെ ലാഭം.

853 കോടി രൂപയാണ്‌ കമ്പനി നേടിയ വരുമാനം. 12 ശതമാനമാണ്‌ വരുമാനത്തിലുണ്ടായ വളര്‍ച്ച. 762 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം ത്രൈമാസത്തിലെ വരുമാനം. വിദേശ വിപണികളില്‍ മികച്ച സാന്നിധ്യമാണ്‌ കമ്പനിക്കുള്ളത്‌.

Also read:  മഹീന്ദ്ര & മഹീന്ദ്ര: ചാഞ്ചാട്ടവും റിസ്‌കും കുറഞ്ഞ ഓഹരി

ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ നിന്ന്‌ മികച്ച വരുമാനം ആര്‍ജിക്കാന്‍ എല്‍ടി ഫുഡ്‌സിന്‌ സാധിക്കുന്നു. ബ്രാന്റഡ്‌ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം മൊത്തം ബിസിനസിന്റെ 69 ശതമാനമാണ്‌. ഈയിടെ എല്‍ടി ഫുഡ്‌സ്‌ പുറത്തിറക്കിയ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. യൂറോപ്യന്‍ യൂണിയനിലെ ബിസിനസ്‌ വിപുലമാക്കുന്നതിനുള്ള പദ്ധതി കമ്പനി വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നു.

മികച്ച വരുമാന വളര്‍ച്ചക്ക്‌ സാധ്യതയുള്ള സാഹചര്യത്തില്‍ ഈ ഓഹരിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വില 120 രൂപയാണ്‌. ഭക്ഷ്യ ഉപഭോഗ മേഖലയിലെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി ഓഹരികള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ്‌ എല്‍ടി ഫുഡ്‌സ്‌.

Also read:  ഐസിഐസിഐ ലംബാര്‍ഡ്‌: ജനറല്‍ ഇന്‍ഷുറന്‍സ്‌ മേഖലയിലെ വളരുന്ന കമ്പനി

1832 കോടി രൂപ വിപണിമൂല്യമുള്ള ചെറുകിട കമ്പനിയായ എല്‍ടി ഫുഡ്‌സിന്റെ ഓഹരി നിലവില്‍ ചെലവ്‌ കുറഞ്ഞ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. 50 രൂപ പുസ്‌തകമൂല്യമുള്ള ഓഹരിയുടെ വില ഇപ്പോള്‍ പുസ്‌തക മൂല്യത്തിന്റെ 1.15 ഇരട്ടി മാത്രമാണ്‌. ഒരു ‘വാല്യു പിക്‌’ എന്ന നിലയില്‍ പരിഗണിക്കാവുന്ന ഓഹരിയാണ്‌ ഇത്‌.