ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കും. കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കര്‍ഷക നേതാവ് നരേഷ് ടികായത്തും ഇന്നലെ പ്രകടിപ്പിച്ചിരുന്നു.
അതേസമയം നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ അതിര്‍ത്തികളില്‍ സമരം നയിക്കും. രാജ്യത്തെ യുവാക്കളോട് അതിര്‍ത്തിയിലെ കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു.