ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 38-ാം ദവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനുകൂടി ജീവന്‍ നഷ്ടമായി. കൊടുംതണുപ്പ് മൂലം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് ഒരു കര്‍ഷകന്‍ കൂടി മരിച്ചത്.
കൊടുംതണുപ്പ്, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ പോലും
നിയമം പിന്‍വലിക്കാതെ ഒരടിപോലും പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സമൂഹം. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.
ജനുവരി നാലിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗമെന്ത് എന്ന് വിശദീകരിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. ജനുവരി നാലിന് ആറാം ഘട്ട ചര്‍ച്ചയാണ് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തങ്ങള്‍ ഉന്നയിച്ച അഞ്ച് ശതമാനം പ്രശ്നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറഞ്ഞു.











