ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്കും കടന്നു. ദേശീയ പാതകളില്‍ ടോള്‍ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ഡല്‍ഹി അതിര്‍ത്തികളിലൂടെ ഡല്‍ഹി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. 29 ന് രാവിലെ 11 മണിക്കാകും ചര്‍ച്ച.
കര്‍ഷക സമരത്തിനിടെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. മന്‍ കീ ബാത്ത് നടക്കുമ്പോള്‍ പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സ്ഥലങ്ങളിലും കര്‍ഷകര്‍ പ്രതിഷേധിക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് മന്‍ കീ ബാത്ത് നടക്കുന്നത്.