ദുബായ്: യു.എ.ഇയിലെ കുറഞ്ഞ വേതനക്കാരായ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനായി പ്രവാസി ഭാരതീയ സഹായത കേന്ദ്രം(പി.ബി.എസ്.കെ)ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അമല്‍ പുരിയും ചടങ്ങില്‍ പങ്കെടുത്തു. പ്രവാസികളുടെ മാനസിക നിയമ പ്രശ്‌നങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിദഗ്ധരായ അഭിഭാഷകരെയും സൈക്കോളജിസ്റ്റുമാരെയും ഇതിനായി പ്രത്യേകം നിയമിച്ചിട്ടുണ്ട്. 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഉദ്ഘാടനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.
ഇംഗ്ലീഷ്,ഹിന്ദി,മലയാളം,തമിഴ്,തെലുങ്ക് എന്നീ 5 ഭാഷകളില്‍ ബന്ധപ്പെടാനുള്ള സൗകര്യമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുവരെയും അവധി ദിവസങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ ആറുവരെയും ഓഫീസ് പ്രവര്‍ത്തിക്കും. യു.എ.ഇ സര്‍ക്കാരിന്റെ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശകരെ സ്വീകരിക്കുക.
യു.എ.ഇ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി യു.എ.ഇ അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. നാട്ടില്‍ നിന്നും വിമാനം കയറുന്നതിന് മുമ്പായി ഓണ്‍ലൈന്‍ വഴി എല്ലാ സൗകര്യങ്ങളുടെയും നിയമവശം പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ചടങ്ങില്‍ നിര്‍ദേശിച്ചു.


















