ശിവകാശി: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ വിരുദനഗര്‍ ജില്ലയിലെ സത്തൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മാരിയമ്മന്‍ ഫയര്‍വര്‍ക്‌സിന്റെ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഫാക്ടറിയുടെ നിരവധി മുറികള്‍ തകര്‍ന്നു.
പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്നതിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പൊട്ടിത്തെറിയെ തുടര്‍ന്ന് നാലുപേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവ സമയം 87 ഓളം പേര്‍ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികളും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.