ജനപ്രിയ സംഗീതജ്ഞന്‍ ഹാകാലു ഹുന്‍ഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടു. 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടുവെന്ന് ഒറോമിയ മേഖലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗിര്‍മ ഗെലാം അറിയിച്ചു. തലസ്ഥാനമായ അഡിസ് അബാബയില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 167 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും 1,084 പേരെ അറസ്റ്റ് ചെയ്തതായും ഗിര്‍മ പറഞ്ഞു. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തില്‍ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റു ചെയ്യുന്നതായും ആരോപണമുണ്ട്. ഹാകാലു ഹുന്‍ഡീസയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് അജ്ഞാതന്‍ വെടിവച്ചുകൊന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മാരകമായ ബലപ്രയോഗവും വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് അക്രമവുമാണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നു. അക്രമത്തെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്ന് അധികതര്‍ അറിയിച്ചു.