കോവിഡ് കാലത്തെ ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ വിജയക്കൊടി പാറിച്ച് വെസ്റ്റ്ഇന്‍ഡീസ്. സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജപ്പെടുത്തിയാണ് വെസ്റ്റ്ഇന്‍ഡീസ് വിജയം ഉറപ്പിച്ചത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചു കൊണ്ടാണ് ജേസണ്‍ ഹോള്‍ഡറും സംഘവും വിജയം സ്വന്തമാക്കിയത്. 95 റണ്‍സ് നേടിയ ജര്‍മെയ്ന്‍ ബ്ലാക്ക് വുഡിന്‍റെ ചെറുത്തു നില്‍പ്പാണ് വെസ്റ്റ്ഇന്‍ഡീസിന് ചരിത്ര വിജയം നേടാനായത്. 154 പന്തില്‍ 12 ഫോറുള്‍പ്പെടെയാണ് ബ്ലാക്ക് വുഡിന്‍റെ ഇന്നിങ്സ്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 204 റണ്‍സ് എടുക്കാനെ സാധിച്ചുളളു. മറുപടിയ്ക്കിറങ്ങിയ വെസ്റ്റ്ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സും നേടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാന്‍ വെസ്റ്റ്ഇന്‍ഡീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 313 റണ്‍സെടുക്കാനെ കഴിഞ്ഞുളളു. അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രൗലിയും (76) ഡോം സിബ്ലി(50)യുമാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍മാര്‍. ഇന്നലെ 200 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. ആദ്യമൊക്കെ തുടരെ വിക്കറ്റ് വീണെങ്കിലും വിന്‍ഡീസിന്‍റെ ജര്‍മെയിന്‍ ബ്ലാക്ക് വുഡ് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്‍റെ ആറ് വിക്കറ്റും ഷനോന്‍ ഗബ്രിയേലിന്‍റെ നാല് വിക്കറ്റുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.











