എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ
ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
എ350 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലെ പെയിന്റിംഗ് ഗുണനിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് എമിറേറ്റ്‌സിന്റെ പ്രസ്താവന. ഖത്തര്‍ എയര്‍വേസിന് ലഭിച്ച എ350 വിമാനങ്ങളില്‍ പെയിന്റിംഗ് പ്രശ്‌നം കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് തങ്ങളുടെ 23 വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വിമാനങ്ങള്‍ക്കും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ല. എയര്‍ലൈന്‍ റേറ്റിംഗ് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക് പറഞ്ഞു.
തങ്ങളുടെ എഞ്ചിനിയേഴ്‌സ് വിമാനങ്ങള്‍ പരിശോധിച്ചിരുന്നു. വിമാനങ്ങളുടെ പെയിന്റിംഗ് നല്ല നിലവാരത്തിലല്ല. തങ്ങള്‍ക്ക് വിമാനങ്ങള്‍ ഡെലിവറി നല്‍കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ നിരാകരിക്കും. ക്ലര്‍ക് പറഞ്ഞു.
അതേസമയം, എമിറേറ്റ്‌സ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനങ്ങളോട് എയര്‍ബസ് കമ്പനി പ്രതികരിച്ചിട്ടില്ല. മിന്നല്‍ കവചത്തിന്റെ പ്രശ്‌നങ്ങളും പെയിന്റിന്റെ സുരക്ഷിതത്വവും ഖത്തര്‍ എയര്‍വേസ് ഉയര്‍ത്തിയിരുന്നു.
നിരവധി എയര്‍ലൈനുകള്‍ എയര്‍ബസിന്റെ പെയിന്റ് പ്രശ്‌നം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. പെയിന്റിനൊപ്പമുള്ള മിന്നല്‍ രക്ഷാകവചത്തിന്റെ പ്രശ്‌നം ഖത്തര്‍ എയര്‍വേസ് പരാതിയായി യൂറോപ്യന്‍ കമ്മീഷന് നല്‍കിയിട്ടുമുണ്ട്.
എന്നാല്‍, തങ്ങളുടെ എയര്‍ബസ് എ350 ല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു.
തങ്ങളുടെ വിമാനങ്ങള്‍ക്ക് നിര്‍മാണ അവസ്ഥയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് നല്‍കുമെന്ന് മാത്രമാണ് എയര്‍ബസ് വക്താവ് അറിയിച്ചത്.
2015 ല്‍ എയര്‍ബസ് എ 350 പുറത്തിറക്കിയപ്പോള്‍ ആദ്യ കസ്റ്റമറായിരുന്നു ഖത്തര്‍ എയര്‍വേസ്. ഇതുവരെ 425 വിമാനങ്ങളാണ് എ350 ശ്രേണിയില്‍ ഇറക്കിയിട്ടുള്ളത്. ഇതില്‍ 55 വിമാനങ്ങളും സ്വന്തമാക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കസ്റ്റമേഴ്‌സില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഖത്തര്‍ എയര്‍വേസും എമിറേറ്റ്‌സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒരു മാസം പത്ത് എന്ന കണക്കിനാണ് എ350 വിമാനങ്ങള്‍ നിര്‍മിച്ചിറക്കുന്നത്. കോവിഡ് കാലത്ത് നിര്‍മാണം പാതികണ്ട് കുറഞ്ഞിരുന്നു.












