English हिंदी

Blog

കെ. സച്ചിദാനന്ദന്‍

സമീപകാലത്ത്  സാമൂഹ്യമാധ്യമങ്ങളില്‍ ‘വൈറല്‍’ ആയ  ( ആ വാക്ക് ഇനി പഴയ പോലെ നിസ്സങ്കോചമായി  ഉപയോഗിക്കാന്‍ കഴിയുകയില്ല എന്നറിയാം) ഹാരൂണ്‍ റഷീദിന്റെ ഒരു കവിതയുണ്ട്..

“നാം ഒരു ലോകത്തിലുറങ്ങി

മറ്റൊരു ലോകത്തില്‍ ഉണര്‍ന്നു

പെട്ടെന്ന് ഡിസ്നിനഗരത്തിനു

ഇന്ദ്രജാലം നഷ്ടപ്പെട്ടു

പാരീസ് കാല്‍പ്പനികമല്ലാതായി

ന്യൂ യോര്‍ക്കിനു പിടിച്ചുനില്‍ക്കാന്‍ വയ്യാതായി

ചൈനയിലെ വന്മതില്‍ കോട്ടയല്ലാതായി

ദേവാലയങ്ങള്‍ ശൂന്യമായി

ആശ്ലേഷങ്ങളും ചുംബനങ്ങളും

പെട്ടെന്ന് ആയുധങ്ങളായി മാറുന്നു

മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും

അടുത്തേയ്ക്കുള്ള വിരുന്നുപോക്ക്

സ്നേഹപ്രകടനമല്ലാതാകുന്നു

അധികാരം, ധനം, സൌന്ദര്യം :ഒന്നിനും

വിലയില്ലാതാകുന്നു; അവയ്ക്കൊന്നും

നമുക്ക് വേണ്ട പ്രാണവായു നല്‍കാന്‍

കഴിയില്ലെന്ന് നാം തിരിച്ചറിയുന്നു

 ലോകം അപ്പോഴും ജീവിക്കുന്നു

സുന്ദരമായി തുടരുന്നു,  മനുഷ്യരെ

അത് കൂട്ടില്‍ അടയ്കുന്നു എന്ന് മാത്രം.

അതൊരു സന്ദേശം തരികയാണ് ,

“നിങ്ങള്‍ അനിവാര്യരല്ല,

നിങ്ങളില്ലാതെയും ഭൂമിയും ആകാശവും

വായുവും ജലവും നിലനില്‍ക്കും .

തിരിച്ചു വരുമ്പോള്‍ ഓര്‍ക്കുക:

നിങ്ങള്‍ എന്‍റെ അതിഥികളാണ്, യജമാനരല്ല.” 

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ  “ഭൂമിയുടെ അവകാശികള്‍” എന്ന കഥയെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കവിത. ഈ കാലത്തെ ഏകാകിതയും വിഹ്വലതയും മരണ സാന്നിദ്ധ്യവും പ്രത്യാശയും പ്രകൃതിയുടെ നവോന്മേഷ വും  പ്രമേയമായ ഒട്ടേറെ കവിതകള്‍ -കഥകളും- എല്ലാ ലോക ഭാഷകളിലും എഴുതപ്പെടുന്നുണ്ട്. അവയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒരു ആഗോള കവിതാസമാഹാരം ഞാന്‍ ഒരു അമേരിക്കന്‍ കവിയോടൊപ്പം എഡിറ്റ്‌ ചെയ്തു കഴിഞ്ഞു, അത് പെന്‍ഗ്വിന്‍ താമസിയാതെ പ്രസിദ്ധീകരിക്കും.

Also read:  യു.എ.ഇ തൊഴിലാളികൾക്ക് ഉച്ച വിശ്രമം ഇന്നുമുതൽ-ലംഘിച്ചാൽ പിഴ

ഈ കവിതകള്‍ നമ്മെ ഒരു ചോദ്യത്തിലേക്ക് എടുത്തെറിയുന്നു കൂടിയുണ്ട്:  കോവിഡ് മഹാമാരി കല, വിദ്യാഭ്യാസം, സംസ്കാരം എന്നിവയെ  എങ്ങിനെ  ബാധിക്കും എന്ന   ആ ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ച പോലെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍  സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ്‌  ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ ഒരു ഡിജിറ്റല്‍  പൊതുമണ്ഡലം  രൂപപ്പെടുന്നതി ന്‍റെ   സൂചനയായി ഇതിനെ എടുക്കാം..  കലാപ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍, വെബിനാറുകള്‍ എന്നറിയപ്പെടുന്ന വെബ്‌ സെമിനാറുകള്‍, ഫേസ് ബുക്ക്‌ ലൈവ്  പ്രഭാഷണങ്ങള്‍ -ഇങ്ങിനെയുള്ള,  ശാരീരികമായ  അകലത്തിലും മാനസികമായ അടുപ്പം സൃഷ്ടിക്കുന്ന, സംവിധാനങ്ങള്‍ ഇനി സ്ഥിരമായേക്കാം. സാഹിത്യോത്സവങ്ങള്‍ പോലും ഈ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. കൊളംബിയായിലെ മെഡലിന്‍ കാവ്യോത്സവവും ബെര്‍ലിന്‍ സാഹിത്യോത്സവവും ഈ രീതി പിന്തുടരാന്‍  ഇപ്പോള്‍തന്നെ തീരുമാനിച്ചിരിക്കുന്നു.  കേരളത്തിലും പുറത്തുമായി ധാരാളം സെമിനാറുകളും പ്രഭാഷണ പരമ്പരകളും കവിതാ വതരണങ്ങളും  നടക്കുന്നു. പത്രവായന കൂടുതലും ഓണ്‍- ലൈന്‍ ആയി മാറിക്കഴിഞ്ഞു. പ്രസാധകര്‍  മൊബൈല്‍, കിന്‍ഡില്‍  ഇവയില്‍ വായിക്കാവുന്ന ഇ-ബുക്കുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കാന്‍ തു ടങ്ങിയിരിക്കുന്നു. പുസ്തകപ്രകാശനങ്ങള്‍ ധാരാളമായി ഫേസ്ബുക്ക്‌, സൂം തുടങ്ങിയ മാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് നടക്കുന്നു. ബിനാലെ പോലുള്ള കലാ പ്രദര്‍ശനങ്ങള്‍, ഫിലിം ഫെസ്റ്റിവലുകള്‍ തുടങ്ങിയവയും ഓണ്‍- ലൈന്‍ രീതിയിലേക്ക് മാറുകയാണ്. ഇയ്യിടെ പല ഫിലം ഫെസ്റ്റിവലുകളും  സംഗീതോത്സവങ്ങളും ഈ രീതിയില്‍ നടന്നു. വീഡിയോ ആര്‍ട്ട് പോലുള്ള നവകലാരൂപങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചേക്കാം. കൂടുതലായി ചെറിയ സിനിമകള്‍ ഉണ്ടായേക്കാം. തിയ്യേറ്ററുകള്‍ അപ്രസക്തമായെക്കാം. ലോകത്തെ പല ആര്‍ട്ട് മ്യൂസിയങ്ങളും ഇപ്പോള്‍ തന്നെ ഓണ്‍-ലൈന്‍ ആക്കിക്കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം മൂലധനശക്തിയെ വെല്ലു വിളിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അതെ, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കലയും സാഹിത്യവും കൂടുതല്‍ ജനകീയമാവുകയാണ്‌, അവയുടെ ഗുണത്തില്‍ കൂടി ശ്രദ്ധ വേണം എന്ന് മാത്രം. 

Also read:  കാര്‍ട്ടൂണ്‍: സുധീര്‍നാഥ്

 

ഇതോടൊപ്പം  താത്കാലികമായെങ്കിലും വിദ്യാഭ്യാസം  അധികപങ്കും ഓണ്‍ -ലൈന്‍ ആക്കപ്പെട്ടിരിക്കുന്നു.  ഇതേക്കുറിച്ചുള്ള പല ദിശകളിലുള്ള ചര്‍ച്ചകള്‍ എമ്പാടും നടക്കുന്നുണ്ട്. അവയിലെ ആശയങ്ങള്‍ മുഴുവന്‍ എടുത്തു പറയുക പ്രയാസമാണ്. എന്നാല്‍ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്‌ നാലു ചോദ്യങ്ങളാണ്: ഒന്ന്: ടി. വി, മൊബൈല്‍ സൌകര്യങ്ങളോ ശക്തിയുള്ള വൈ-ഫൈ കണക്ഷനുകളോ പ്രാപ്യമല്ലാത്ത ഇടങ്ങളില്‍ ദരിദ്രരായ വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ ഇത്തരം വിദ്യാഭ്യാസം എത്രത്തോളം പ്രായോഗികമാണ്?  രണ്ട്: ക്ലാസുമുറികളില്‍ സാദ്ധ്യമായ രീതിയിലുള്ള സംവാദങ്ങള്‍, സംശയനിവാരണം എന്നിവ ഈ രീതിയില്‍  സാദ്ധ്യമാണോ? മൂന്ന്:  സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും മറ്റും കിട്ടുന്ന പൊതുവായ സാമൂഹ്യപാടവങ്ങളും മൂല്യങ്ങളും സംഘടനാ ബോധവും ഇത്തരം വിദ്യാഭ്യാസത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട വ്യക്തികളായി , സ്വാര്‍ത്ഥമതികളായി മാറുകയും  ചെയ്യുകയില്ലേ? നാല്: സ്ഥാപനങ്ങളില്‍ സാദ്ധ്യമായ ലൈബ്രറികളുടെ ഉപയോഗം , വിദ്യാര്‍ഥികളുടെ തന്നെ പരസ്പരമുള്ള ആശയവിനിമയം ഇവ ഈ സമ്പ്രദായത്തില്‍ അസാദ്ധ്യമാകുന്നില്ലേ?

Also read:  വേണ്ട നമുക്കിനിയും മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍

ഇതില്‍ ആദ്യത്തെ പ്രശ്നം സര്‍ക്കാരിന്‍റെയും ജനകീയ സംഘങ്ങളുടെയും സഹായത്തോടെ കുറെയൊക്കെ പരിഹരിക്കാന്‍ കഴിയുമെന്ന് കേരളം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനങ്ങളില്‍ പതിവുള്ള സാധാരണ ക്ലാസ്സുകള്‍ തന്നെ സൈബര്‍ മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്‍റെര്‍നെറ്റിന്‍റെ ഉപയോഗം, പുതിയ ജ്ഞാനസമ്പാദന സാധ്യതകള്‍ ഇവ കൂട്ടിച്ചേര്‍ക്കുമ്പോഴേ  പുതിയ സമ്പ്രദായം സാര്‍ത്ഥകമാവൂ. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കയിടത്തും നടക്കുന്നത് പഴയ ക്ലാസ് മുറികളുടെ  വെര്‍ച്വല്‍ തലത്തിലുള്ള  യാന്ത്രികമായ പുനരുത്പാദനം മാത്രമാണ്, അതില്‍ നിന്ന് തന്നെ സംവാദം വെട്ടി മാറ്റപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ തന്നെ ഒരു പുനര്‍ നിര്‍വചനവും പുനര്‍ രൂപീകരണവും ഉണ്ടായാലേ-  ഒപ്പം ക്ലാസ് റൂമും ഓണ്‍-ലൈന്‍ സാദ്ധ്യതകളും ചേര്‍ന്ന ഒരു സമ്പ്രദായം വികസിപ്പിച്ചാലേ- പുതിയ രീതി അര്‍ത്ഥവത്താകുകയുള്ളൂ. ഏതായാലും ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളെയും മേഖലകളെയും സംബന്ധിച്ച ഒരു പുതിയ ചര്‍ച്ചയ്ക്കു കളമൊരുക്കി എന്ന നല്ല കാര്യം നാം കാണാതെ പൊയ്ക്കൂടാ. വിദ്യാഭ്യാസത്തെ ഒരു തൊഴില്‍ നേടാനുള്ള പരിശീലനം മാത്രമാക്കി ചുരുക്കി അതിന്‍റെ മാനുഷിക മൂല്യം , അഥവാ മനുഷികീകരണമെന്ന മാനം -ഇല്ലാതാക്കാനുള്ള  ശ്രമം നടക്കുന്ന ഇക്കാലത്ത് ഈ പുനര്‍ വിചാരങ്ങള്‍ പ്രധാനമാണ്.