കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങളിലൊന്ന് ട്വന്റി-ട്വന്റി എന്ന സംഘടനയുടെ അപൂര്‍വ വിജയമാണ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ഭരണം നിലനിര്‍ത്തിയതിനൊപ്പം ട്വന്റി-ട്വന്റി സമീപത്തെ ഐക്കരനാട്, കുന്നത്തുനാട്, മുഴവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി അധികാരം പിടിച്ചെടുത്തു. മുന്നണികള്‍ക്ക് മാറിമാറി വോട്ട് ചെയ്യുക എന്ന പതിവില്‍ മനംമടുത്ത് ജനം പുതിയ സാധ്യതകള്‍ തേടുന്നതിന്റെ ആവേശകരമായ ഉദാഹരണമായാണ് ഒരു കൂട്ടര്‍ ഇതിനെ കാണുന്നത്. അതേസമയം അരാഷ്‌ട്രീയ സംഘടനകള്‍ ചില പ്രദേശങ്ങളിലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കൈ നഷ്‌ടപ്പെടുന്നതിന്റെ കാരണം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍.
2013ലെ കമ്പനി നിയമ പ്രകാരം കമ്പനികള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കിറ്റെക്‌സ് ഗ്രൂപ്പ് ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ചത്. 500 കോടി രൂപയെങ്കിലും ആസ്‌തിയുള്ളതോ ആയിരം കോടിയെങ്കിലും വിറ്റുവരവുള്ളതോ അഞ്ച് കോടിയെങ്കിലും ലാഭമുള്ളതോ ആയ കമ്പനികള്‍ അവയുടെ മൂന്ന് വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണമെന്നാണ് 2013ലെ കമ്പനി നിയമം അനുശാസിക്കുന്നത്. ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ച് കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ തുകയ്‌ക്ക് സാധനങ്ങളും മറ്റ് സേവനങ്ങളും കിറ്റെക്‌സ് നല്‍കി വരുന്നത് അവരുടെ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്.
ട്വന്റി-ട്വന്റി നല്‍കുന്ന സേവനങ്ങളും സൗജന്യങ്ങളും രാജ്യത്തെ നിയമം അനുസരിച്ച് അവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. കിഴക്കമ്പലത്തെ ജനങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ ചെലവഴിക്കുന്ന തുക അവര്‍ ഈ രൂപത്തില്‍ അല്ലെങ്കിലും സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണം. അതുകൊണ്ടുതന്നെ ഈ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തെ ഒരു കോര്‍പ്പറേറ്റ് ഔദാര്യമായി കാണേണ്ടതില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം അനുസരിച്ച് നാം ആദായനികുതിയും സെസും മറ്റ് നികുതികളും അടക്കുന്നതു പോലെ നിശ്ചിത വരുമാനമുള്ള ഒരു കമ്പനി ചെയ്‌തിരിക്കേണ്ട ചെലവാണ് അത്.
അതേസമയം ട്വന്റി-ട്വന്റിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത് അവര്‍ അത് രാഷ്‌ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിലൂടെയാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 8,691 കോടി രൂപയാണ് ഇന്ത്യയിലെ വിവിധ കമ്പനികള്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. എന്നാല്‍ ഈ സി.എസ്.ആര്‍ പ്രവര്‍ത്തനത്തെ തങ്ങളുടെ ഔദാര്യമായും മറ്റാരും ചെയ്യാത്ത സേവനമായും എടുത്തുകാട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്ന സി.എസ്.ആറിന്റെ പരിധിയില്‍ പെടാത്ത പ്രവൃത്തി ചെയ്‌ത ഏക കമ്പനി കിറ്റെക്‌സ് ആയിരിക്കും.
നിര്‍ദ്ദിഷ്‌ട സി.എസ്.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുക തങ്ങള്‍ ചെലവഴിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉദാഹരണത്തിന് 2018-19ല്‍ 2.81 കോടി രൂപയാണ് നിയമം അനുസരിച്ച് കിറ്റെക്‌സ് ചെലവഴിക്കേണ്ട സി.എസ്.ആര്‍ ഫണ്ട്. എന്നാല്‍ ആ വര്‍ഷം തങ്ങള്‍ 5.58 കോടി രൂപ ചെലവഴിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്രയും തുക അധികമായി കമ്പനി ചെലവഴിക്കുന്നത് രാഷ്‌ട്രീയ അധികാരം എന്ന അധിക നേട്ടത്തെ മുന്‍നിര്‍ത്തിയാണ്. ആദ്യം കിഴക്കമ്പലത്ത് മാത്രം ഒതുങ്ങിനിന്ന ട്വന്റി-ട്വന്റി സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ച ഭരണം നിര്‍ദ്ദിഷ്‌ട സി.എസ്.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുകയുടെ നിക്ഷേപത്തില്‍ നിന്നുള്ള പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂല്യം അളക്കാനാകാത്ത വലിയ റിട്ടേണ്‍ ആണ്.
ജനക്ഷേമം മുഖ്യധാരാ പാര്‍ട്ടികള്‍ മറന്നുപോകുന്നതും അഴിമതി അധികാരത്തിന്റെ സര്‍വ ഇടനാഴികളിലും വ്യാപിക്കുന്നതും പുതിയ ബദല്‍ മാര്‍ഗങ്ങളുടെ പുതുമയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്. ട്വന്റി-ട്വന്റിയുടെ വെല്‍ഫെയര്‍ പൊളിറ്റിക്‌സിന് നാല് പഞ്ചായത്തുകളില്‍ വിജയം നേടാന്‍ സാധിച്ചത് ഇതുമൂലമാണ്. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നത് കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത് അപകടകരമാണ്. അധികാരം കോര്‍പ്പറേറ്റുകളുടെ കൈയിലെത്തിയാല്‍ പരിസ്ഥിതി പ്രശ്‌നം, തൊഴില്‍ നിയമങ്ങള്‍, കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, സാമൂഹ്യ സംവരണം തുടങ്ങിയ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാഷ്‌ട്രീയമായി ശരിയായ നിലപാടുകള്‍ ആയിരിക്കില്ല സ്വീകരിക്കപ്പെടുന്നത്. രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമായ ഇടങ്ങളില്‍ ഇത്തരം അരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ഗുണ ഫലമോ ദോഷമോ സൃഷ്‌ടിക്കും. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയത്തിന്റെ ജീര്‍ണതക്ക് ബദലായി രണ്ടു കൈയും നീട്ടി സ്വീകരിക്കാവുന്ന മാര്‍ഗമല്ല കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയം.