കെ.അരവിന്ദ്
ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യം ഒരു `സ്റ്റാര്‍ട്-അപ്’ പോലെയാണ്. മറ്റെവിടെയും അധികം കാണാത്ത അവസരങ്ങള്‍ ഇവിടെയുണ്ട്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ചെലവ് കുറഞ്ഞ നിലയില്‍ അത് ഉപയോഗപ്പെടുത്താനും ഇന്ത്യയിലെ തന്നെ ജനകോടികളുടെ ഉപഭോഗ്‌തൃ സമൂഹത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സാധ്യമാണ്. പക്ഷേ അവസരങ്ങള്‍ ഉപയോഗിക്കുക എന്ന പ്രക്രിയ നടപ്പിലാക്കിയെടുക്കുക ഏതൊരു സ്റ്റാര്‍ട്-അപ്പിനെയും പോലെ ഇന്ത്യയില്‍ ഒട്ടും എളുപ്പമല്ല. അതുകൊണ്ടു തന്നെ ഇന്ത്യയെ നിക്ഷേപങ്ങള്‍ പാഴാകാനും അതുപോലെ തന്നെ ലോകത്തിന്റെ കണ്ണ് തള്ളിക്കുന്ന വിജയമാകാനും ഒരു പോലെ സാധ്യതയുണ്ടെന്ന മനോഭാവത്തോടെയാണ് നിക്ഷേപകര്‍ സമീപിക്കുന്നത്.
സ്റ്റാര്‍ട്-അപുകളുടെ വിജയത്തിന്റെ അടിസ്ഥാനം വിഷണറികളായ സംരംഭകരാണ്. ഭാവിയുടെ സാധ്യതകളെ ഇന്നേ തിരിച്ചറിഞ്ഞ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നവയാണ് സ്റ്റാര്‍ട്-അപുകള്‍. വന്‍വിജയമായ സ്റ്റാര്‍ട്-അപുകള്‍ക്ക് പിന്നില്‍ വെല്ലുവിളികളെ അതീജിവിച്ച് വിജയം കൈവരിക്കാന്‍ പ്രാപ്‌തരായ സംരംഭകരുടെ ആസൂത്രണവും നിര്‍വഹണശേഷിയുമുണ്ട്. ഒരു രാജ്യത്തിന്റെ കാര്യത്തില്‍ ഇത് രണ്ടും പ്രകടിപ്പിക്കേണ്ടത് ഭരണാധികാരികളാണ്.
കോവിഡ് കാലം ഇന്ത്യ പോലൊരു രാജ്യത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് വലിയ അവസരമാണ്. ചൈനയെ ഇതുവരെ ഉല്‍പ്പാദനത്തിന് ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ ലോകത്തിന്റെ `മാനുഫാക്‌ചറിങ് ഹബു’മായി അകലം പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലേക്കാണ് അവസരങ്ങളുടെ ചക്രം തിരിയുന്നത്. ആസൂത്രണവും നിര്‍വഹണശേഷിയുമുണ്ടെങ്കില്‍ നമുക്ക് ഇത് ശരിയായി ഉപയോഗിക്കാനാകും.
ആത്മനിര്‍ഭര്‍ പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ചില നിര്‍ദേശങ്ങള്‍ ഈ അവസരങ്ങളെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതാണ്. ഇലക്‌ട്രോണിക് ഉല്‍പ്പാദനം, ഔഷധ നിര്‍മാണം എന്നീ രണ്ട് മേഖലകളില്‍ ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനം ഇന്‍സെന്റീവ് നല്‍കാനുള്ള തീരുമാനം ഈ മേഖലയിലെ കമ്പനികള്‍ക്ക് ഏറെ ഗുണകരമാകും. ചൈന ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും സാമഗ്രികളുടെയും ഉല്‍പ്പാദനത്തില്‍ ഏറെ മുന്നിലാണ്. ചൈനയെയും കൊറിയയെയും പോലുള്ള രാജ്യങ്ങളുമായി നാം മത്സരിക്കുന്നതിന് ഇത്തരം ഇന്‍സെന്റീവുകള്‍ സഹായകമാകും. വളര്‍ച്ചാ സാധ്യതയുള്ള എല്ലാ മേഖലകള്‍ക്കും ഇത്തരം സാമ്പത്തിക പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുകയാണെങ്കില്‍ ഉല്‍പ്പാദന മേഖലയില്‍ നാം ഏറെ മുന്നോട്ടുപോകുമെന്നതില്‍ സംശയമില്ല.
കോവിഡ് കാലത്ത് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഗണ്യമായ തോതിലാണ്‌എത്തിയത്. റിലയന്‍സില്‍ ഫേസ്‌ബുക്ക് തുടങ്ങിവെച്ച നിക്ഷേപം പിന്നീട് മറ്റ് വിദേശ നിക്ഷേപകരും ഏറ്റെടുത്തു. റിലയന്‍സും സ്വകാര്യ ബാങ്കുകളും വന്‍നിക്ഷേപമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നേരത്തെ ഡോളറിനെതിരെ 80ലേക്ക് രൂപ ഇടിയുമെന്ന ആശങ്കയാണ് ഉണ്ടായിരുന്നതെങ്കില്‍ വിദേശ നിക്ഷേപം രൂപക്ക് താങ്ങായി. 76.91 വരെ ഇടിഞ്ഞ രൂപ ഇപ്പോള്‍ 73.70ല്‍ നില്‍ക്കുന്നത് ഡോളര്‍ പ്രവാഹത്തിന്റെ പിന്‍ബലത്തിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരവും റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു.
ധനകമ്മി ഉയരുമെങ്കിലും അത് ആഗോള വ്യാപകമായ പ്രതിഭാസമാണ്. കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ മിക്ക രാജ്യങ്ങളും സാമ്പത്തിക ഉത്തേജനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. ഇത് ഈ രാജ്യങ്ങളുടെയെല്ലാം കടബാധ്യത വര്‍ധിക്കാന്‍ കാരണമാകും. ഇന്ത്യക്ക് മാത്രമായി ഈ പ്രതിഭാസത്തില്‍ നിന്ന് വിട്ടുനില്‍ക്കുക സാധ്യമല്ല.
നിര്‍വഹണശേഷിയിലാണ് നാം എപ്പോഴും പിന്നില്‍ നില്‍ക്കുന്നത്. ആസൂത്രണങ്ങളും പ്രഖ്യാപനങ്ങളും നിര്‍വഹണത്തിന്റെ ഘട്ടത്തിലേക്ക് വരുമ്പോള്‍ ഒന്നുമല്ലാതെയാകുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്റെ ആവര്‍ത്തനം ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് കൂടുതല്‍ ഉദാരമായ ബിസിനസ് അന്തരീക്ഷം സൃഷ്‌ടിക്കുകയും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുകയുമാണ്.
2008ലെ സാമ്പത്തിക മാന്ദ്യമാണ് ചൈനയെ ഉപഭോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രേരിപ്പിച്ചത്. അതുപോലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യക്ക് മുന്നോട്ടു പോകാന്‍ ഏറെയുണ്ട്. മുന്നിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാം വിജയിക്കുന്നത് നിര്‍വഹണശേഷി വിനിയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.



















