തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണം എന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തെഴുതി കേരളം. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ 2019 ന്റെ ഭാഗമായി പുറത്തിറക്കിയ 2018-19 സാമ്പത്തിക വര്‍ഷത്തെ റാങ്കിംഗ് പട്ടിക പുനഃപ്പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറക്കിയ റാങ്കിങ്ങില്‍ കേരളം 28-ാം സ്ഥാനത്താണ്. കണക്ക് വസ്തുതാ വിരുദ്ധമാണെന്നും പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് മാറി, മുന്‍വര്‍ഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടര്‍ന്ന ഡിപിഐഐടി നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും കേരളം കത്തില്‍ പറയുന്നു.
ഡിപിഐഐടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം 187 പരിഷ്‌ക്കരണങ്ങളില്‍ 157 ഉം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തില്‍ 85 ശതമാനം പോയിന്റിന് അര്‍ഹതയുള്ള സംസ്ഥാനത്തെ ‘ഫാസ്റ്റ് മൂവര്‍’ വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. ഒരു പരിഷ്‌ക്കാരവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലാണെന്നും കേരളം കുറ്റപ്പെടുത്തി.