Web Desk
തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാദമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന സാഹസിക അക്കാദമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസം കേന്ദ്രങ്ങളുമായി അക്കാദമിയെ ബന്ധിപ്പിക്കുന്നത് വഴി ഇവയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സാധിക്കും. അക്കാദമി വിപുലീകരിക്കുന്നതനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെ അക്കാദമികള്‍ക്ക് സമാനമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഡ്വഞ്ചര്‍ ട്രെയ്‌നിംഗ് രംഗത്ത് കേരളത്തിന് തനതായ മുദ്ര പതിപ്പിക്കാനാകും. ഇപ്പോഴുള്ള പരിശീലങ്ങള്‍ക്ക് പുറമെ ജിംനാസ്റ്റിക്, സര്‍ക്കസ് തുടങ്ങിയവയ്ക്കും മികച്ച പരിഗണന നല്‍കിയുള്ള കോഴ്‌സുകള്‍ ഉണ്ടായിരിക്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അക്കാദമി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.

മൂന്നു നിലകളില്‍ തയാറാകുന്ന അക്കാദമിയില്‍ 150 പേര്‍ക്ക് പരിശീലനം ലഭിക്കുന്നതിനുള്ള സജീകരണം രണ്ടാം ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും. 21 വര്‍ഷമായുള്ള അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിനുള്ള ശ്രമവും നടത്തിവരികയാണ്. അതിനായി സ്‌കൂള്‍, കോളെജ് തലം മുതല്‍ പരിഗണന നല്‍കും. ഇതിനു പുറമെ നേവി, തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള ഫോഴ്‌സുകളിലേക്ക് ആവശ്യമായ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാകും. ഇതൊക്കെ യുവാക്കളെ അക്കാദമിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹസിക വിനോദം പൊതുവെ യുവജനങ്ങള്‍ക്ക് ഹരം പകരുന്ന മേഖലയായതിനാല്‍ അതിനായുള്ള ശ്രമങ്ങള്‍ ഫലം കാണുക തന്നെ ചെയ്യും. ഇപ്പോള്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ അക്കാദമിക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, മെമ്പര്‍ സെക്രട്ടറി വി.ഡി.പ്രസന്നകുമാര്‍, ബോര്‍ഡ് അംഗം സന്തോഷ് കാല തുടങ്ങിയവര്‍ പങ്കെടുത്തു.
യുവജനങ്ങള്‍ക്കിടയില്‍ സാഹസിക കായിക വിനോദങ്ങളുടെ പ്രധാന്യം പ്രചരിപ്പിക്കുക, സാഹസിക കായിക വിനോദങ്ങള്‍ ഉപയോഗപ്പെടുത്തുക, സാഹസിക ടൂറിസം ഉള്‍പ്പടെയുളള മേഖലകളില്‍ യുവാക്കളുടെ തൊഴില്‍ സാധ്യതവര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ ദേവികുളത്ത് 1998 മാര്‍ച്ച് മാസത്തിലാണ് ദേശീയ സാഹസിക അക്കാഡമി പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാഡമിയുടെ പ്രവര്‍ത്തനം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടി 34000 സ്‌ക്വയര്‍ ഫീറ്റിലുള്ള മന്നു നില മന്ദിരമാണ് നിര്‍മിക്കുന്നത്. മൂന്ന്ഘട്ടങ്ങളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 150 പേര്‍ക്കുള്ള ബോയ്സ് ഹോസ്റ്റല്‍ ബ്ലോക്ക് വിത്ത് സ്റ്റോറേജ്, ലോബി എന്നിവ നിര്‍മിക്കും. രണ്ടാംഘട്ടത്തില്‍ 150 പേര്‍ക്കുള്ള ട്രെയ്നിംഗ്, മീറ്റിംഗ് എന്നിവയ്ക്കുള്ള മിനി കണ്‍വെന്‍ഷന്‍ ഹാള്‍, 72 പെണ്‍കുട്ടികള്‍ക്കുള്ള താമസസൗകര്യവും സ്റ്റോറേജും, അഡ്വഞ്ചര്‍ ട്രെയ്നിംഗ് സെന്‍ററും നിര്‍മിക്കും. മൂന്നാംഘട്ടത്തില്‍ 9 റൂമുകള്‍, കാന്‍റീന്‍, കിച്ചണ്‍ & ഡൈനിംഗ്, അഡ്വഞ്ചര്‍ ട്രെയ്നിംഗ് സ്പെയിസ്, കാര്‍പാര്‍ക്കിംഗ്, ലാന്‍റ് സ്‌കെയ്പിംഗ്, മറ്റ് അനുബന്ധ സൗകര്യങ്ങളും യാഥാര്‍ഥ്യമാക്കും.